സ്വാതന്ത്ര്യദിനത്തില്‍ പ്രതികാരമതിലിനെതിരെ പ്രതിഷേധബാനര്‍ ഉയര്‍ത്തി
.തളിപ്പറമ്പ്: വീട്ടിലേക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് മതില്‍ കെട്ടി ഉയര്‍ത്തിയതിനെതിരെ സ്വാതന്ത്ര്യദിനത്തില്‍ പ്രതിഷേധ ബാനര്‍ സ്ഥാപിച്ച് കുടുംബം.
തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തെ നാരായണന്റെ കുടുംബമാണ് മതിലിന് സമീപം ബാനര്‍ സ്ഥാപിച്ചത്.
2021 ലാണ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അധികൃതര്‍ പഴയ മതില്‍ പൊളിച്ച് പുതിയ മതില്‍ പണിതത്.
നേരത്തെ ഉണ്ടായിരുന്ന മതിലിനേക്കാള്‍ ഉയരത്തില്‍ നിര്‍മ്മിച്ച് കാറ്റും വെളിച്ചവും കടന്നുവരുന്നത് തടഞ്ഞതിനെതിരെ വീട്ടുകാര്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതിക്ക് പരാതി നല്‍കുകയും തഹസില്‍ദാര്‍ ഉള്‍പ്പെട്ട സംഘം സ്ഥലം പരിശോധിച്ച് ഒരു വരി കല്ല് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെങ്കിലും സി.പി.എം പ്രാദേശിക നേതാവ് സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അതിന് തയ്യാറായില്ലെന്ന് മാത്രമല്ല സിമന്റിട്ട് മതിലിന്റെ ഉയരം കൂട്ടുകയും ചെയ്തു.
അന്നുമുതല്‍ ഇതിനെതിരെ പ്രതിഷേധം നടത്തുന്ന കുടുംബം ഇന്നലെ ബാനര്‍ സ്ഥാപിക്കുകയായിരുന്നു. പഴയ മതിലിന്റെ പടവും ബാനറില്‍ നല്‍കിയിട്ടുണ്ട്.
വയോധികന് മൂന്ന് വര്‍ഷക്കാലം കാറ്റും വെളിച്ചവും നല്‍കാതെ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.