തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രതികാരമതില്‍-പരാതി ആര്‍.ഡി.ഒക്ക് കൈമാറും.

തളിപ്പറമ്പ്: ബ്ലോക്ക് പഞ്ചായത്ത് വയോധികന്റെ വീടിന് സമീപം പ്രതികാര മതില്‍ പണിത സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടു. ഫ്രെബ്രുവരി 4 ന് ചേര്‍ന്ന തളിപ്പറമ്പ് താലൂക്ക് വികസനസിതി യോഗം ഇത് സംബന്ധിച്ച് അമിത ഉയരത്തില്‍ പണിത മതിലിന്റെ ഒരുവരി കല്ല് മാറ്റി ഉയരം കുറക്കണമെന്ന് ബ്ലോക്ക് പഞ്ചായത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം നിലവിലിരിക്കെ മതിലിന് മുകളില്‍ സിമന്റ് പ്ലാസ്റ്റര്‍ ചെയ്ത് 2 ഇഞ്ച് ഉയരം വര്‍ദ്ധിപ്പിച്ച് താലൂക്ക് വികസനസമിതിയെ ധിക്കരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് ഇന്ന് നടന്ന വികസന സമിതിയിലും പരാതി ലഭിച്ചിരുന്നു. ഫെബ്രുവരിയില്‍ നല്‍കിയ നിര്‍ദ്ദേശത്തിനുള്ള മറുപടിയായി 40 വര്‍ഷം മുമ്പ് പണിത മതില്‍ 2004 ല്‍ പണിതുവെന്ന് തെറ്റായ വിവരം നല്‍കി താലൂക്ക് വികസനസമിതിയെ തെറ്റിദ്ധരിപ്പിക്കാനും ബ്ലോക്ക് പഞ്ചായത്ത് ശ്രമിച്ചു. 91 വയസുള്ള കെ.പി.നാരായണന്‍ എന്നയാള്‍ക്ക് വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നുവരുന്നത് നിഷേധിക്കുന്ന രീതിയിലാണ് മതില്‍ നിര്‍മ്മിച്ചതെന്നതിനാല്‍ ആര്‍.ഡി.ഒക്ക് ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അധികാരമുള്ളതിനാലാണ് പരാതി ആര്‍.ഡി.ഒക്ക് കൈമാറുന്നതെന്ന് അധ്യക്ഷത വഹിച്ച കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.
താലൂക്ക് വികസനസമിതിയുടെ ഉത്തരവിനെ ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാര്‍ സ്ഥാപനം തന്നെ അവഗണിച്ചതും ഉത്തരവ് നിലനില്‍ക്കെ മതിലിന്റെ ഉയരം വര്‍ദ്ധിപ്പിച്ച് വെല്ലുവിളിക്കുകയും ചെയ്തത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. പ്രസിഡന്റിന്റെയും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒരാളുടെയും ഈഗോ പ്രശ്‌നം മാത്രമാണ് പ്രതികാരമതിലിന് പിറകിലുള്ളതെന്നും ഇതിന് ജനാധിപത്യ വ്യവസ്ഥയില്‍ പരാതി നല്‍കാനുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കക്കുമെന്നും നവമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പ്രതികരിക്കുെമന്നും പരാതിക്കാരന്‍ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ഒരുവര്‍ഷമായി തുടരുന്ന ഈ വിഷയത്തിലുള്ള പരാതിയില്‍ അടിയന്തിര പരിഹാരം കാണണമെന്നും യോഗ്തില്‍ ആവശ്യമുയര്‍ന്നു.