ഇരട്ട ത്രില്ലര്‍-ഇടിവെട്ട് സിനിമയുമായി പ്രിയദര്‍ശന്‍-കൊറോണ പേപ്പേഴ്‌സ്

            പുതിയ തലമുറക്കൊപ്പം പുതിയ സിനിമയുമായി പ്രിയദര്‍ശന്‍ എത്തിയപ്പോല്‍ അത് അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ത്രില്ലിംഗ് സിനിമയായി മാറി.

ഷെയിന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ഗായത്രി ശങ്കര്‍, പി.പി.കുഞ്ഞികൃഷ്ണന്‍, ജീന്‍പോള്‍ ലാല്‍, വിജിലേഷ് എന്നിവര്‍ക്കൊപ്പം

സിദ്ദിക്ക് എന്ന നടന്റെ അപാരമായ അഭിനയമികവിനും കൊറോണ പേപ്പേഴ്‌സ് സാക്ഷ്യം വഹിക്കുന്നു.

പോലീസ് ഓഫീസര്‍ ഗ്രേസിയായി എത്തിയ കരാട്ടെ മാസ്റ്റര്‍ സന്ധ്യ ഷെട്ടിയും പ്രേക്ഷകരെ ഞെട്ടിക്കുന്നു.

കൊച്ചിനഗരത്തിന്റെ അസാധാരണ ദൃശ്യഭംഗിയാണ് ദിവാകര്‍ മണി എന്ന ക്യാമറാമാന്‍ നമുക്ക് മുന്നില്‍ വരച്ചുവെക്കുന്നത്.

എം.എസ്.അയ്യപ്പന്‍നായരുടെ എഡിറ്റിംഗ് മികവും എടുത്തുപറയേണ്ടത് തന്നെയാണ്.

പാട്ടുകളില്ലാത്ത സിനിമയില്‍ കെ.പി എന്ന സംഗീത സംവിധായകന്റെ ബി.ജി.എം സിനിമയുടെ ത്രില്ലിംഗ് മൂഡ് നിലനിര്‍ത്താന്‍ ഏറെ സഹായകരമായിട്ടുണ്ട്.

1949 ല്‍ പുറത്തിറങ്ങിയ അകിര കുറോസോവയുടെ സ്‌ട്രേ ഡോഗ് എന്ന സിനിമയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് 2017 ല്‍ ശ്രീഗണേഷ് രചനയും സംവിധാനവും നിര്‍വ്വഹിച്ച എട്ടു തോട്ടകള്‍ എന്ന തമിഴ് സിനിമയുടെ റീമേക്കാണ് കൊറോണ പേപ്പേഴ്‌സ്.

2018 ല്‍ കന്നഡയില്‍ ബുള്ളറ്റ് എന്ന പേരിലും 2021 ല്‍ തെലുങ്കില്‍ സേനാപതി എന്ന പേരിലും ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്.

തിരക്കഥയും സംഭാഷണവും രചിച്ച പ്രിയദര്‍ശന്‍ മലയാളത്തിന് വേണ്ടി കഥയുടെ ഘടനയില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ ജോലിക്കു ചേരാനെത്തുന്ന എസ്.ഐയുടെ കയ്യില്‍ നിന്നും തിരക്കുള്ള ബസ്സില്‍വച്ച് സര്‍വീസ് റിവോള്‍വര്‍ പോക്കറ്റടിക്കപ്പെടുന്നു.

ആ റിവോള്‍വര്‍ അന്വേഷിച്ചു നടക്കുന്നതിനിടെ നഗരത്തെ നടുക്കിയ ബാങ്ക് കവര്‍ച്ചയില്‍ ആ റിവോള്‍വര്‍ ഉപയോഗിക്കപ്പെടുന്നു.

കുറ്റകൃത്യം ചെയ്തതാരാണെന്ന് കാണികള്‍ക്കറിയാം. അയാളിലേക്ക് പൊലീസ് എത്തിച്ചേരുമോ? കുറ്റവാളിയിലേക്ക് എത്തിച്ചേരാന്‍ പോലീസ് എങ്ങനെ യാത്ര ചെയ്യുന്നു?

ഈ രണ്ടു ഘടകങ്ങളിലൂടെയാണ് കഥ മുന്നോട്ടുനീങ്ങുന്നത്. ഒരു മാലയില്‍ മുത്തു കോര്‍ത്തെടുക്കുന്നതുപോലെ സംഭവങ്ങളെ രസച്ചരടു പൊട്ടാതെ കൊരുത്തെടുത്തിട്ടുണ്ട് ഈ സിനിമയില്‍.

പാട്ടോ ചിരിയോ ഒന്നുമില്ലാത്ത ഈ പ്രിയദര്‍ശന്‍ ചിത്രം അതുകൊണ്ടുതന്നെ ഒരു അനുഭവമായി മാറുന്നു.

അവസരങ്ങളുണ്ടാക്കി പ്രതികളെ നിഷ്‌ക്കരുണം വെടിവെച്ചു കൊലപ്പെടുത്തുന്ന ഗ്രേസി ഐ.പി.എസ് എന്ന പോലീസ് ഓഫീസറുടെ റോളിലെത്തുന്ന സന്ധ്യ ഷെട്ടിക്ക് മലയാളത്തില്‍ ഇനിയും അവസരങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

എന്തുതന്നെയായാലും അടുത്തകാലത്ത് മലയാളത്തില്‍ റിലീസായ മികച്ച ഒരു സിനിമ തന്നെയാണ് പ്രിയദര്‍ശന്റെ കൊറോണ പേപ്പേഴ്‌സ് എന്ന് സിസംശയം പറയാം.