കെ.എസ്.റിയാസ് വീണ്ടും പ്രസിഡന്റായേക്കും-തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ജൂലായ്-3 ന്
തളിപ്പറമ്പ്: തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ജൂലൈ 3 ന് നടക്കും.

മുന്‍കാലങ്ങളില്‍ ഉണ്ടായതുപോലെ വാശിയുള്ള തെരഞ്ഞെടുപ്പിന് തീരെ സാധ്യതയില്ലാത്തതിനാല്‍ സമവായത്തിലൂടെ നിലവിലുള്ള പ്രസിഡന്റും യൂത്ത്‌വിംഗ് സംസ്ഥാന നേതാവുമായ കെ.എസ്.റിയാസ് തന്നെ വീണ്ടും പ്രസിഡന്റാവാനുള്ള സാധ്യതയാണ് കാണുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ.എസ്.റിയാസ് വ്യാപാരികളുടെ എല്ലാ പ്രശ്‌നങ്ങളിലും സജീവമായി ഇടപെട്ട് പരിഹാരം കാണാന്‍ ശ്രമിക്കുന്ന വ്യക്തിയെന്ന നിലയില്‍ പൊതുവെ സ്വീകാര്യത നിലനിര്‍ത്തുന്നുണ്ട്.
വ്യാപാരി നേതാവെന്നതിലുപരിയായി തളിപ്പറമ്പിന്റെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിധ്യമെന്ന നിലയില്‍ വേറിട്ടുനില്‍ക്കുന്ന റിയാസിന് പകരംവെക്കാന്‍ മറ്റൊരാളില്ലെന്നതും റിയാസിന്റെ സ്ഥാനം ഉറപ്പിക്കുന്നു.
അതുകൊണ്ടുതന്നെ മല്‍സരമില്ലാതെ സമവായത്തിലൂടെ റിയാസിനെ തന്നെയാണ് നേതൃസ്ഥാനത്തേക്ക് പലരും നിര്‍ദ്ദേശിക്കുന്നത്.
വ്യക്തമായ രണ്ട് വിഭാഗങ്ങള്‍ ഉണ്ടെങ്കിലും വ്യാപാരികളില്‍ ഭൂരിഭാഗംപേരും മുസ്ലിംലീഗ് പ്രവര്‍ത്തകരായതിനാല്‍ ലീഗിന്റെ സജീവപിന്തുണയുള്ള റിയാസിനെതിരെ മല്‍സരിക്കാന്‍ പൊതുവെ ആരും താല്‍പര്യം പ്രകടിപ്പിക്കുന്നില്ല.
എല്ലാറ്റിലുമുപരി പ്രസിഡന്റ് കെ.എസ്.റിയാസിന്റെയും ജന.സെക്രട്ടെറി വി.താജുദ്ദീന്റെയും കഴിഞ്ഞ ഏഴ് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോഴും ഇരുവര്‍ക്കും
നല്ല സ്വീകാര്യത തന്നെ ലഭിക്കുന്നുണ്ട്.
അസോസിയേഷന്‍ ജനറല്‍ ബോഡി യോഗവും 2022-24 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 3 ഞായറാഴ്ച രാവിലെ 10 മണിക്ക് കപ്പാലം വ്യാപാര ഭവനിലാണ് നടക്കുന്നത്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷററും ജില്ലപ്രസിഡന്റുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ് അധ്യക്ഷത വഹിക്കും.
പ്രമുഖ ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും. മുഴുവന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് ഭാരവാഹികളായ കെ. എസ്.റിയാസ്, വി.താജുദ്ദീന്‍, ടി.ജയരാജ് എന്നിവര്‍ അറിയിച്ചു.
മെമ്പര്‍ഷിപ്പ് പുതുക്കാന്‍ വിട്ടുപോയവര്‍ ഇനിയും ഉണ്ടെങ്കില്‍ ഉടന്‍ തന്നെ പുതുക്കേണ്ടതാണെന്നും ഇവര്‍ അറിയിച്ചു.
