കരിമ്പം സര്‍സയ്യിദ് കോളേജ് ഭ്രാന്തന്‍കുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ ജനകീയ പ്രതിഷേധം

തളിപ്പറമ്പ്: കരിമ്പം പ്രദേശത്തുനിന്നും സര്‍ സയ്യിദ് കോളേജിന്റെ മുന്നിലൂടെ ഭ്രാന്തന്‍കുന്ന് വരെയുള്ള ( തളിപ്പറമ്പ് എയര്‍പോര്‍ട്ട് റോഡ് വരെ) റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും, അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തി.

ആറായിരത്തോളം കുട്ടികള്‍ ദിനംപ്രതി വരുന്ന നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ, താലൂക്ക് ഗവണ്‍മെന്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഫയര്‍ഫോഴ്‌സ്, വിവിധ വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍ എന്നിവ ഈ റോഡിന്റെ ഇരുവശത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്.

നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി ഓടിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട പ്രദേശമെന്നുള്ള നിലയില്‍ ഈ റോഡിന് അതീവ പ്രാധാന്യമുള്ളതാണ്, എന്നാല്‍ കാലാകാലമായി അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു പരിഗണനയും ഈ റോഡിന് ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പിഡബ്ല്യുഡി ഏറ്റെടുത്തു എന്നു പറഞ്ഞുകൊണ്ട് വലിയ പ്രചരണങ്ങള്‍ നടത്തുകയും റോഡ് അളന്നു തിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാല്‍നടയാത്ര പോലും ദുസഹമായ ഈ റോഡിലെ ഓടകള്‍ കല്ലും മണ്ണും നിറഞ്ഞ് വെള്ളം ഒഴുകി പോകാന്‍ സാധിക്കാത്ത നിലയിലാണ്. മഴവെള്ളം മുഴുവന്‍ റോഡിലൂടെ ഒഴുകി പോകുകയാണ്.

അതുകൊണ്ടുതന്നെ അടിയന്തരമായി റോഡിന്റെ ഓടകള്‍ വൃത്തിയാക്കാനും കാടുകള്‍ വെട്ടിത്തെളിക്കുവാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

പ്രതിഷേധമാര്‍ച്ച് നൗഷാദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.

സി.പി.അലിപ്പി അധ്യക്ഷത വഹിച്ചു.

പി.കെ.ഇസ്മായില്‍, കെ.പി.ജോസഫ്, പ്രൊഫ. മഷൂദ കൗസര്‍, ഇക്ബാല്‍, സി.പി.സക്കീര്‍ ഹാജി, ആര്‍.പി.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു,