26 വര്‍ഷത്തിന് ശേഷം മെഡിക്കല്‍ കോളേജ് കാമ്പസില്‍ റോഡ് നവീകരണം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ സര്‍ക്കാര്‍ തീരുമാനിച്ച വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി എം.വിജിന്‍ എം.എല്‍.എ വിലയിരുത്തി.

പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം.എല്‍ എ നേതൃത്വത്തില്‍ പരിശോധിച്ചത്.

പ്രിന്‍സിപ്പാള്‍ ഡോ  പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കിഫ്ബിപ്രവൃത്തികളുടെ

നോഡല്‍ ഓഫീസര്‍ ഡോ.വിമല്‍ റോഹന്‍, എച്ച്.എസ്. ഒബ്രോയ് ബില്‍ഡ് ടെക് വൈസ് ചെയര്‍മാന്‍ അപ്രേഷ് ബാനര്‍ജി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

രണ്ട് ലെയര്‍ ആയാണ് റോഡ് താറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെക്കാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തില്‍ ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്.

അടുത്തദിവസത്തോടെ മെഡിക്കല്‍ കോളേജിന് മുന്നിലെ റോഡ്പണി പൂര്‍ത്തിയാവും. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാന്‍ ഉള്‍പ്പടെയായി ഓവുചാലും പുതുതായി പണിതുവരികയാണ്.

മാത്രമല്ല, റോഡിന്റെ അരികില്‍ നടപ്പാതയ്‌ക്കൊപ്പം പൂന്തോട്ടവും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് എം.എല്‍.എ അറിയിച്ചു.

മെഡിക്കല്‍ കോളേജ്  കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികളും സമീപദിവസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാര്‍ഡ് നവീകരണ പ്രവൃത്തികളും ടോയ്ലറ്റുകള്‍ പുതുക്കിപണിയുന്ന പ്രവര്‍ത്തികളും ഓരോ നിലകളിലായി പൂര്‍ത്തിയാക്കി വരികയാണെന്നും,

പരമാവധി വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍ എ അറിയിച്ചു. 26 വര്‍ഷത്തിന് ശേഷമാണ് മെഡിക്കല്‍ കോളേജ് കാമ്പസിനകത്തെ റോഡുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.