റോഡുകള്‍ പിളരുന്നു-മഴക്കാലം കൂടുതല്‍ അപകടത്തിലേക്ക് വഴിതെളിക്കുമെന്ന ആശങ്കയില്‍ നാട്ടുകാര്‍.

തളിപ്പറമ്പ്: മെക്കാഡം റോഡുകള്‍ പിളരുന്നതായ പരാതികള്‍ വ്യാപകം.

പഴയങ്ങാടിയില്‍ നിന്നും കുപ്പം ദേശീയപാത വരെയുള്ള റോഡ് പല ഭാഗങ്ങളിലും പിളര്‍ന്നുകൊണ്ടിരിക്കയാണ്.

മഴക്കാലം കൂടി വരുന്നതോടെ റോഡ് പൂര്‍ണമായും കുഴിഞ്ഞ് ഗതാഗത തടസം സംഭവിക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍.

നരിക്കോട് മുതല്‍ കൈവേലി വരെയുള്ള ഭാഗത്താണ് റോഡിന്റെ അവസ്ഥ കൂടുതല്‍ ഭീകരമായിക്കൊണ്ടിരിക്കുന്നത്.

ഈ റോഡില്‍ പിളര്‍പ്പ് കാരണം ഇരുചക്രവാഹനങ്ങളുടെ ബാലന്‍സ് തെറ്റി വീണുപോകുന്നതും പതിവാണ്.

ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം പണിത ഒട്ടുമിക്ക റോഡുകളുടെ സ്ഥിതി ഇതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍മ്മാണത്തില്‍ കതരാറുകാരും പൊതുമരാമത്ത് വകുപ്പിലെ ചില ഉദ്യോഗസ്ഥന്‍മാരും നടത്തിയ അഴിമതിയുടെ ദുരന്തമാണ് റോഡുകളില്‍ കാണുന്ന പിളര്‍പ്പുകളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പരാതികള്‍ നിരവധി ഉണ്ടെങ്കിലും ഇത് സംബന്ധിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും എവിടെയും നടക്കുന്നില്ല.

വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ അഴിമതിയാണ് ഇതിന് കാരണമെന്ന്
ജനകീയ പ്രതികരണസമിതി കണ്‍വീനര്‍ ആര്‍പ്പാംതോട് കബീര്‍ ആരോപിച്ചു.