മുക്കുപണ്ടതട്ടിപ്പ്- ബാക്കിയുള്ള 11 പ്രതികളെ കണ്ടെത്താനാവുന്നില്ലെന്ന് പോലീസ് കോടതിയില്‍-
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ള 11 പ്രതികളേയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
18 പ്രതികളേയും ഫിബ്രവരി 1 ന് കോടതിയില്‍ ഹാജരാകാന്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2022 ലെ ഒന്നാമത്തെ കേസായാണ് കോടതി ഇത് പരിഗണിച്ചത്.
ഈ കേസില്‍ ടി.വി.രമേശന്‍, വി.വി.രാജേന്ദ്രന്‍, കെ.പി.വല്‍സരാജ് എന്ന ഷമ്മി, ഇഷാം സൈദാരകത്ത്, സിയാവുള്‍ ഹഖ്, കൊറ്റിയാല്‍ മോഹനന്‍, എം.ലക്ഷ്മണന്‍, കൊച്ചുമോന്‍, അബു ഹുദൈഫ, എസ്.ഇര്‍ഷാദ്, വി.വി.മുരളീധരന്‍, കെ.ജയപ്രസാദ്, സി.വേണുഗോപാലന്‍, എം.ഹരിദാസന്‍, സി.ഷീബ, പി.കുഞ്ഞിരാമന്‍, ടി.വി.ബാബുരാജ്, വി.സതി എന്നിവരാണ് പ്രതികള്‍.
ഇതില്‍ വി.വി.രാജേന്ദ്രന്‍, കെ.പി.വല്‍സരാജന്‍, കൊറ്റിയാല്‍ മോഹനന്‍, എം.ലക്ഷ്മണന്‍, കൊച്ചുമോന്‍, വി.വി.മുരളീധരന്‍ എന്നിവര്‍ അറസ്റ്റിലായി ജാമ്യമെടുത്തിട്ടുണ്ട്.
ഏന്നാല്‍ ആത്മഹത്യചെയ്ത അപ്രൈസര്‍ ടി.വി.രമേശന്‍ ഒഴികെ മറ്റ് 11 പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ല എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
2021 ആഗസ്ത് മാസത്തിലാണ് ഏറെ വിവാദമുണ്ടാക്കിയ മുക്കുപണ്ടത്തട്ടിപ്പ് പുറത്തുവന്നത്.
കേസിലെ ഒന്നാംപ്രതിയായിരുന്ന രമേശനെ ആഗസ്ത് 10 നാണ് വീടിനടുത്ത പറമ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഒരു കോടിക്ക് മേല്‍ തട്ടിപ്പ് നടന്നതായാണ് കേസ്.
