തളിപ്പറമ്പ: ഭര്‍ത്താവിനെ തലക്കടിച്ചുകൊന്ന് മൃതദേഹം വലിച്ചിഴച്ച് റോഡില്‍ തള്ളിയ കേസില്‍ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും.
വയക്കര മൂളിപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞുമോനെ തലക്കടിച്ച് കൊന്ന കേസിലാണ് ഭാര്യ റോസമ്മയെ (62) തളിപ്പറമ്പ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ.എന്‍.പ്രശാന്ത് ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ കാലയളവ് തടവ് ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യും.
ഇന്നലെ കോടതിയില്‍ കേസിന്റെ വിശദമായ വാദം കേള്‍ക്കലും നടന്നിരുന്നു.
പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതി സ്ത്രീയാണെന്നും രോഗിയാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും ഇന്നലെ വാദിച്ചിരുന്നു.
അതേസമയം പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. യു.രമേശന്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കി പ്രതിയായ റോസമ്മക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് അദേഹം വാദിച്ചു.
എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെങ്കിലും ക്രൂരമായ കൊലയാണ് നടന്നതെന്ന് ജഡ്ജ് കെ.എന്‍.പ്രശാന്ത് ചൂണ്ടിക്കാട്ടി.
മാരകായുധം ഉപയോഗിച്ച് ഏഴ് തവണയാണ് റോസമ്മ ഭര്‍ത്താവിനെ അക്രമിച്ചത്.
തല ചിതറിക്കിടന്ന ഭര്‍ത്താവിനെ അവര്‍ 30 മീറ്ററോളം വലിച്ചിഴച്ച് റോഡില്‍
തള്ളി, ശേഷം തെളിവ് നശിപ്പിക്കാന്‍ അടിച്ചുവാരി ശുചീകരിക്കുകയും സുഗന്ധ വസ്തുക്കള്‍ വീട്ടില്‍ ഉപയോഗിക്കുകയും ചെയ്ത് റോസമ്മ ഒന്നും സംഭവിക്കാത്ത പോലെ നില്‍ക്കുകയായിരുന്നു.
വയസുകാലത്ത് പരസ്പരം താങ്ങും തണലുമായി നില്‍ക്കേണ്ടതായിരുന്നു ഇരുവരും.