കൃഷ്ണജ്വല്ലറി ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹത-അന്വേഷണം ഊര്‍ജ്ജിതം.

 

കണ്ണൂര്‍: ബേബി ബീച്ചിനടുത്ത് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍തൃമതിയുടെ മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടാണോയെന്ന് സംശയമുയരുന്നു.

അഞ്ചുകണ്ടി സ്വദേശിനി റോഷിതയാണ് കഴിഞ്ഞദിവസം മരിച്ചത്.

റോഷിതയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ചതായി പറയപ്പെടുന്നുണ്ട്.

കൂടാതെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയതായും സൂചനയുണ്ട്.

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് റോഷിത ചതിക്കപ്പെട്ടതായിട്ടാണ് നിഗമനം.

വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് റോഷിതയെ ബേബി ബീച്ചിനടുത്ത് കടല്‍ക്കരയില്‍ മരിനിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ ചെയ്തതാ ണെന്നാണ് പ്രാഥമിക നിഗമനം.

വാട്‌സ്ആപ്പ് സ്റ്റാറ്റസായി മരണവുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചിരുന്നു.

നഗരത്തിലെ കൃഷ്ണ ജല്ലറിയിലെ ജീവനക്കാരിയായ റോഷിത ഇന്നലെ ഉച്ചക്ക് ലീവ് അറിയിച്ചിരുന്നതായി പറയപ്പെടുന്നു.

തന്റെ സ്‌കൂട്ടിയില്‍ വീട്ടിലെത്തി ഉച്ചക്ഷണം കഴിക്കുകയും രണ്ടാമത്തെ കുട്ടിക്ക് മുലപ്പാല്‍ നല്‍കിയ ശേഷമാണ് വീണ്ടും നഗരത്തിലേക്ക് പോയതെന്ന് വീട്ടുകാര്‍ പറയുന്നു.

സ്‌കൂട്ടിയില്‍ മസ്‌കോട്ട് ബീച്ച് റിസോര്‍ട്ടിലെത്തിയ റോഷിതയോട് എന്താണ് ആവശ്യമെന്ന് സെക്യൂരിറ്റിക്കാരന്‍ ചോദിച്ചപ്പോള്‍ ചായകുടിക്കാനാണെന്നാണ് മറുപടി.

തുടര്‍ന്ന് അകത്ത് കയറിയ റോഷിത ബാല്‍ക്കണിയിലിരുന്ന് ഒരു ജ്യൂസ് കുടിക്കുകയും ചെയ്തു.

തന്റെ ഫോണും സ്‌കൂട്ടിയുടെ താക്കോലും മേശപ്പുറത്ത് വെച്ചാണ് റോഷിത പുറത്തുവന്നത്.

റോഡില്‍ നടന്നുവന്ന ഒരു മധ്യവയസ്‌കനോട് റോഷിത സംസാരിച്ചതായി മറ്റുള്ളവര്‍ കണ്ടിരുന്നു.

പിന്നീടാണ് കടപ്പുറത്ത് പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം കാണപ്പെട്ടത്.

ഇതിന്റെ വീഡിയോ സാമുഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞദിവസം ഭര്‍ത്താവ് കോഴിഫാം തുടങ്ങുന്നതിനുള്ള ഒരുക്കത്തിനിടയിലാണ് റോഷിതയുടെ വിയോഗം.

മരണത്തില്‍ ദുരൂഹതയുണ്ടന്ന് കാണിച്ച് ഭര്‍ത്താവും ബന്ധുക്കളും പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുന്നുണ്ട്.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം സംസ്‌ക്കരിച്ചു.

റോഷിതയുടെ സ്‌കൂട്ടിയും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പയ്യാമ്പലം ബീച്ചിന് സമീപത്തുള്ള സി.സി.ടി.വികള്‍ പോലീസ് പരിശോധിച്ചുവരികയാണ്.