വിവരാവകാശ വിരുദ്ധര്‍ക്ക് തിരിച്ചടി-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

പരിയാരം: വിവരാവകാശനിയമത്തിനെതിരെ ഉറഞ്ഞുതുള്ളിയവര്‍ക്ക് തിരിച്ചടി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രണ്ടിടങ്ങളിലായി വിവരാവകാശ നിയമം സംബന്ധിച്ച് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

പ്രിന്‍സിപ്പാള്‍ ഓഫീസിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. 2005 ലെ വിവരാവകാശ നിയമത്തില്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും അപ്പീല്‍ അധികാരികളുടെയും

പേരു വിവരങ്ങളും ഫോണ്‍ നമ്പറുകളും പൊതുജനങ്ങള്‍ കാണത്തക്ക വിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടിരുന്നില്ല.

സഹകരണ മേഖലയിലായിരുന്നപ്പോള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ വിവരാവകാശ അപേക്ഷകളില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നത് വിവാദമായിരുന്നു.

മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെ യോഗ്യതകള്‍ സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷകള്‍ക്ക് മറുപടി നല്‍കുന്നതില്‍ കൃത്യവിലോപം കാണിച്ചതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ വരെ അപ്പീല്‍ അപേക്ഷകള്‍ എത്തിയിരുന്നു.

ഇക്കാര്യങ്ങളൊക്കെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പുതുതായി ചുമതലയേറ്റ പ്രിന്‍സിപ്പാള്‍ വിവരാവകാശ നിയമം സംബന്ധിച്ച് പൊതുഅറിവിലേക്കായി വിശദമായ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ചില ജീവനക്കാരുടെ യോഗ്യത സംബന്ധിച്ച് പൊതുപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചതിനെതിരെപോലും ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നിരുന്നു.

അതിനിടയില്‍ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം ഉറപ്പുവരുത്തുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കപ്പെട്ടത് ഈ വിഭാഗത്തിന് തിരിച്ചടിയായി.