റബ്ബര്മാര്ക്കറ്റിങ്ങ് സൊസൈറ്റി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്കാന് ആറ് കോടിയിലേറെ വേണം- വിളക്കന്നൂര്‍ ഫാക്ടറി 25 ന് ലേലം ചെയ്ത് വില്‍ക്കും.
കരിമ്പം.കെ.പി.രാജീവന്–
തളിപ്പറമ്പ്: ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ നല്‍കാനുള്ളത് ആറ് കോടിയിലേറെ, റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റിയുടെ വിളക്കന്നൂര്‍ ഫാക്ടറിയും സ്ഥലവും ലേലം ചെയ്ത് വില്‍ക്കുന്നു.
കൊപ്ര, ലാറ്റക്സ് ഫാക്ടറികള്‍ ഉള്‍പ്പെടുന്ന അഞ്ചരയേക്കര്‍ സ്ഥലമാണ് ഈ മാസം 25 ന് പരസ്യമായി ലേലം ചെയ്തു വില്ക്കാന് തീരുമാനിച്ചത്.
കണ്ണൂര്‍ ജില്ലാ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റി (റബ മാര്‍ക്സ്) പ്രധാന ഓഫീസും വിളക്കന്നൂരിലെ ലാറ്റക്സ് ഫാക്ടറിയും ആറേക്കര്‍ സ്ഥലവും 2020 ഫെബ്രുവരി 26 ന് ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തിരുന്നു.
മന്നയിലെ പ്രധാന ഓഫീസും 33 സെന്റ് സ്ഥലവും വിളക്കന്നൂരിലെ ലാറ്റക്സ് ഫാക്ടറിയും ഉള്‍പ്പെടെയാണ് ജപ്തി ചെയ്തിരുന്നത്.
19932003 കാലഘട്ടത്തില്‍ സൊസൈറ്റി ജില്ലാ ബാങ്കില്‍ നിന്നും വാങ്ങിയ 2.5 കോടി രൂപയുടെ പലിശയും കൂട്ടു പലിശയും 7,26,10,366 രൂപയായിരുന്നു.
ഇതോടൊപ്പം മുതലായ 2.5 കോടി രൂപയും ഉള്‍പ്പെടെ ഒന്‍പത് കോടി 76 ലക്ഷത്തിലേറെ രൂപ ഈടാക്കാനായിരുന്നു ജപ്തി. 38 ജീവനക്കാര്‍ക്ക് 15 വര്‍ഷത്തിലേറെയായി ശമ്പളം ലഭിച്ചിട്ടില്ല.
ഇതിനിടയില്‍ വിരമിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കാനുണ്ട്. ഇപ്പോള്‍ നാല് പേരാണ് ഇവിടെ ജീവനക്കാരായി ബാക്കിയുള്ളത്.
ഇവരുടെ പരാതി പരിഗണിച്ച് കോടതി നിര്‍ദ്ദേശപ്രകാരമാണ് ഫാക്ടറിയും സ്ഥലവും പരസ്യമായി ലേലം ചെയ്യുന്നത്.
സ്ഥലം ജപ്തി ചെയ്തുവെങ്കിലും ജില്ലാ ബാങ്ക് തുടര്‍നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
ആറ് കോടി രൂപയാണ് വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത്, ഇത് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊടുത്ത് തീര്‍ക്കാന്‍ മാത്രമാണ്.
എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഈ തുകയ്ക്ക് വില്‍പ്പന നടക്കുമെന്ന് യാതൊരു ഉറപ്പുമില്ല.
കോണ്‍ഗ്രസ് നേതാവ് കൊയ്യം ജനാര്ദ്ദനന് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് വടകര വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് നിലവിലുള്ളത്.
ഒരു കാലഘട്ടത്തില്‍ കേരളത്തിലെ റബ്ബര്‍ വിപണിയെ തന്നെ നിയന്ത്രിച്ച സ്ഥാപനമാണ് 1965 ല്‍ സ്ഥാപിക്കപ്പെട്ട കണ്ണൂര്‍ ജില്ലാ സഹകരണ റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി.
2003 വരെ 25 വര്‍ഷക്കാലം സൊസൈറ്റി പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ്(എം) നേതാവ് പി.ടി.ജോസിന്റെ കാലത്താണ് ജപ്തിക്ക് ആധാരമായ വായ്പ വാങ്ങിയത്.
മുതലും പലിശയും ഉള്‍പ്പെടെ 4 കോടി രൂപ നിലനില്‍ക്കെ സൊസൈറ്റി 2.60 കോടി രൂപ ബാങ്കില്‍ അടച്ചിരുന്നു.
അതിന് ശേഷമാണ് വന്‍തുകയുടെ പലിശ സഹിതം തുക ഇത്രയേറെ ഉയര്‍ന്നതെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് വടകര പറഞ്ഞു.
നിലവില്‍ 3465 അംഗങ്ങളുള്ള സൊസൈറ്റി 2003 മുതല്‍ 2008 വരെ എല്‍ഡിഎഫാണ് ഭരിച്ചത്.
പിന്നീടാണ് ഇന്നത്തെ ഭരണ സമിതി ചുമതലയേറ്റത്. ഇരുപതിലേറെ ജീവനക്കാര്‍ യാതൊരു ആനുകുല്യങ്ങളും ശമ്പളവും കിട്ടാതെയാണ് വിരമിച്ചത്.
ഇപ്പോള്‍ ഉള്ള ജീവനക്കാര്‍ക്കും വര്‍ഷങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ചിറവക്കില്‍ ദേശീയപാതയോട് ചേര്‍ന്ന് സൊസൈറ്റിക്കുള്ള സ്ഥലത്തെ വാടകക്കാരുമായി കേസ് നിലനില്‍ക്കുന്നുമുണ്ട്.