ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരിതെളിഞ്ഞു.പെരിഞ്ചല്ലൂര്‍ സംഗീത സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഭ്രദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു.

കാഞ്ഞങ്ങാട്:നാടിനെ സംഗീതസാന്ദ്രമാക്കി മൂന്നു ദിവസങ്ങളിലായി കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനക്ക് തിരിതെളിഞ്ഞു.

പെരിഞ്ചല്ലൂര്‍ സംഗീത സഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഗീതസഭാ പ്രസിഡന്റ് ബി.ആര്‍.ഷേണായ് അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് സംഗീതസഭയുടെ സുവനീര്‍ പെരിയ ഗോകുലം ഗോശാല സ്ഥാപകന്‍ വിഷ്ണു പ്രസാദ് ഹെബ്ബാറിന് കൈമാറി പ്രകാശനം ചെയ്തു.

സംഗീതാരാധയുടെ ഭാഗമായി നടക്കുന്ന ഉഞ്ഛവൃത്തി ചടങ്ങില്‍ 25 വര്‍ഷമായി ത്യാഗരാജസ്വാമികളുടെ വേഷമണിയുന്ന കെ.രവി അഗ്ഗിത്തായയെ സംഗീതജ്ഞന്‍ ടി.പി.ശ്രീനിവാസന്‍ ആദരിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുകുമാരന്‍ പെരിയച്ചൂര്‍, കവിയത്രി സി.പി.ശുഭ, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍, സംഗീതസഭ എക്‌സിക്യുട്ടീവ് സെക്രട്ടറി ടി.പി.സോമശേഖരന്‍, ഖജാന്‍ജി പി.പി. ജഗദീശന്‍, ഉഷ ഈശ്വര്‍ ഭട്ട്, ശിവരഞ്ജിനി ഭട്ട് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന ഉദ്ഘാടനക്കച്ചേരിയില്‍ സംഗീതം പദ്മനാഭന്‍ പാടി. ബഹുധാരി രാഗത്തില്‍ ‘ബ്രോവ ബാരമ്മ’ എന്ന ആദിതാള കൃതിയോടെ കച്ചേരി ആരംഭിച്ചു. പ്രധാനകൃതിയായി തോഡി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘കദ്ദനു വാരിഗി’ എന്ന കീര്‍ത്തനമാണ് ആലപിച്ചത്.

തിരുനെല്ലൂര്‍ അജിത്കുമാര്‍ വയലിനിലും ചേര്‍ത്തല കൃഷ്ണകുമാര്‍ മൃദംഗത്തിലും മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ ഘടത്തിലും വെള്ളിക്കോത്ത് പി.രാജീവ്‌ഗോപാല്‍ മോര്‍സിങ്ങിലും പക്കമേളമൊരുക്കി.