പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം-പ്രതികള്‍ക്കായി വനംവകുപ്പ് അന്വേഷണം തുടങ്ങി.

പരിയാരം: പാണപ്പുഴയില്‍ നിന്ന് ഇന്നലെ രാത്രി വനംവകുപ്പ് അധികൃതര്‍ പിടികൂടിയത് 9.900 കിലോഗ്രാം ശുദ്ധമായ ചന്ദനം.

പാണപ്പുഴയില്‍ ഇന്നലെ രാത്രി എട്ടോടെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.രതീശനും സംഘവും റെയിഡ് നടത്തിയത്.

ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും സ്വകാര്യ ഭൂമിയില്‍ നിന്നും വ്യാപകമായി ചന്ദനമോഷണം നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വനംവകുപ്പ് അധികൃതര്‍ റെയിഡിനെത്തിയത്.

കാസര്‍ഗോഡുനിന്നുള്ള ഒരു സംഘം ചന്ദനം വാങ്ങാന്‍ എത്തുന്നതായി വിരം ലഭിച്ചതിനെ തുടര്‍ന്നാണ് രാത്രിയില്‍ വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയത്.

ഇവരുടെ സാന്നിധ്യം മനസിലാക്കിയ സംഘം രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ റെയിഡില്‍ 9.900 കിലോഗ്രാം ചന്ദനം, ചെത്താന്‍ ബാക്കിയുള്ള 3.5 കിലോ, 27 കിലോ ചീളുകള്‍, 15.300 കിലോഗ്രാം ചെറിയ ചീളുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

ഇവ മൂന്ന് ചാക്കുകളിലായി പച്ചക്കറികല്‍ക്കൊപ്പമാണ് ഉണ്ടായിരുന്നത്.

പരിശോധനയില്‍ നാടന്‍ തോക്കും മരം മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധവും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്.

പാണപ്പുഴ ആലിന്റെപാറയിലെ ഒരു ഷെഡിലാണ് ഇവ സൂക്ഷിച്ചിരുന്നത്.

സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് തോക്ക് പിടികൂടിയത്.

തോക്ക് അഴിച്ചു കഷണങ്ങളാക്കിയ നിലയിലായിരുന്നു.

ഷെഡ് ഉടമയേയും അത് വാടകക്ക് എടുത്തയാളെയും ചോദ്യം ചെയ്യുമെന്ന് റെയിഞ്ച് ഓഫീസര്‍ പറഞ്ഞു.