ചന്ദനമോഷണം- മുഖ്യപ്രതി വനംവകുപ്പിന്റെ പിടിയിലായി.

കാസര്‍ഗോഡ് ചട്ടഞ്ചാലിലെ
മുഹമ്മദ്കുഞ്ഞിയാണ് അറസ്റ്റിലായത്.

തളിപ്പറമ്പ്: പാണപ്പുഴയിലെ ചന്ദനമോഷണം, മുഖ്യപ്രതി പിടിയില്‍. ചന്ദനമരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപുള്ളിയായ പ്രതിയെയാണ് ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെ ചന്ദനകേസിലെ പ്രധാന പ്രതിയായ കാസര്‍ക്കോട് ചട്ടഞ്ചാലിലെ മുഹമ്മദ് കുഞ്ഞിയെയാണ്(31) ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി.രതീശന്‍ അറസ്റ്റ് ചെയ്തത്.

പാണപ്പുഴ ആലിന്റെപാറ പ്രദേശത്ത് നിന്ന് കഴിഞ്ഞ ആഗസ്റ്റ് മാസം ചന്ദന മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ച കേസില്‍ മുഹമ്മദ് കുഞ്ഞി ഓടിരക്ഷപ്പെടുകയായിരുന്നു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.പ്രദീപന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.പി.രാജീവന്‍, വാച്ചര്‍മാരായ എം.ഷാജി, സി.പ്രദീപ്കുമാര്‍, ഡ്രൈവര്‍ കെ.ജെ.പ്രദീപന്‍ എന്നിവരും മുഹമ്മദ് കുഞ്ഞിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലായി നിരവധി കേസുകളില്‍ പ്രതിയാണ് മുഹമ്മദ് കുഞ്ഞി.

പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.