കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി. ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

കണ്ണൂര്‍:കോടിയേരിയെ അധിക്ഷേപിച്ചുവെന്ന പേരില്‍ പോലീസ് കേസെടുത്ത സ്‌കൂള്‍ അധ്യാപിക കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി.

ഇതേക്കുറിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.

പോസ്റ്റിനോടൊപ്പം ഗിരിജയുടെയും ഭാര്‍ത്താവ് അജയകുമാറിന്റെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

പോസ്റ്റ് ചുവടെ–

സ്വര്‍ഗീയ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍. പഠിപ്പിക്കുന്ന ക്ലാസ്സില്‍ കൊച്ചുകുട്ടികളുടെ മുന്‍പില്‍ വച്ച് വെട്ടി നുറുക്കപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍. ലക്ഷക്കണക്കിന് വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കനലായി നെഞ്ചില്‍ ഇന്നും കൊണ്ട് നടക്കുന്ന നാമം .
ഇപ്പോഴെന്തിനാണ് ഇത് പറയുന്നത് എന്ന് തോന്നുന്നുണ്ടോ? കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ചു എന്ന പേരില്‍ പിണറായി സര്‍ക്കാര്‍ കേസ് എടുത്ത് വേട്ടയാടുന്നത് ഞങ്ങളുടെ നെഞ്ചിലെ കനലായ ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരി ഗിരിജയെ ആണെന്നുള്ളത് കൊണ്ടാണ്.
കൂത്തുപറമ്പ് ഹൈസ്‌കൂള്‍ അദ്ധ്യാപികയായ ശ്രീമതി ഗിരിജ രണ്ട് മാസമായി ഒരു ആക്‌സിഡന്റിനെ തുടര്‍ന്ന് ഇരുകയ്യും ഒടിഞ്ഞ് കിടക്കുകയാണ്. ഫോണ്‍ എടുക്കുന്നതും ഭക്ഷണം വാരികൊടുക്കുന്നതും എല്ലാം ഭര്‍ത്താവായ അജയ്കുമാറാണ്. നാട് കണ്ട ഏറ്റവും മൃഗീയമായ കൊലപാതകത്തിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ ഇരയാവുമ്പോള്‍ കണ്ണൂര്‍ സിപിഎമ്മില്‍ കോടിയേരി അറിയാതെ ഇലയനങ്ങാത്ത കാലമായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അജയ്കുമാര്‍ ഭാര്യ ഗിരിജയുടെ മൊബൈലില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട നിരുപദ്രവമായ ഒരു കമന്റ് ഉയര്‍ത്തിയാണ് ജയകൃഷ്ണന്‍ മാസ്റ്ററുടെ സഹോദരിയെ വേട്ടയാടുന്നത്. അന്തരിച്ച നേതാവ് എന്ന നിലക്ക് ഉടനടി സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയനാക്കുന്നത് ധാര്‍മ്മികമല്ല എന്ന ബോധ്യമാണ് കോടിയേരിയെ വിമര്‍ശിക്കുന്നതില്‍ നിന്ന് ഞങ്ങളെ വിലക്കുന്ന ഏക ഘടകം. അല്ലാതെ പിണറായി വിജയന്റെ ഫാസിസ്റ്റ് ഭരണ നടപടികളോടുള്ള ഭയമല്ല. എന്നാലും ചുരുങ്ങിയ വാക്കുകളില്‍ ചിലത് പറയാതെ വയ്യ. ജീവിച്ചിരുന്ന കോടിയേരിക്ക് സ്വന്തം മക്കളുണ്ടാക്കിയ മാനക്കേടിന്റെ അത്രയൊന്നും മരണശേഷം ചിലര്‍ നടത്തിയ കമന്റുകള്‍ ഉണ്ടാക്കിയിട്ടില്ല. കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണ്, ഭീരുത്വമാണ് പിണറായീ . വേട്ടയാടല്‍ തുടര്‍ന്നാല്‍ കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവും വിമര്‍ശിക്കപ്പെടും, തുറന്ന് കാണിക്കപ്പെടും. മനസ്സിലിരിക്കട്ടെ…