വിജയനായകനായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 41 വര്‍ഷങ്ങള്‍
നായകനെന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ സന്ധ്യക്ക് വിരിഞ്ഞ പൂവ് റിലീസായിട്ട് ഇന്ന് (ഫെബ്രുവരി 18) 41 വര്‍ഷം പിന്നിടുന്നു. അക്കാലത്തെ ഹിറ്റ് മേക്കറായിരുന്ന പി.ജി.വിശ്വംഭരന്‍ സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് തോപ്പില്‍ ഭാസിയാണ്. വനിതയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച, പി ആര്‍ ശ്യാമളയുടെ നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് സന്ധ്യക്ക് വിരിഞ്ഞ പൂവ്.

ഗ്യാലപ് പോള്‍ പ്രകാരം വാരികാവായനക്കാരില്‍ ബഹുഭൂരിപക്ഷവും നായികാനായകന്‍മാരായി ആവശ്യപ്പെട്ടത് സുകുമാരന്‍-ശ്രീവിദ്യ ജോഡികളെയായിരുന്നു. എന്നാല്‍, ഇരുവരുടെയും തിരക്കേറിയ ഷെഡ്യൂള്‍ കാരണം പ്രസ്തുത വേഷങ്ങള്‍ മമ്മൂട്ടി-സീമ എന്നിവരിലേക്കെത്തി. 80-കളുടെ ആദ്യ പകുതിയിലെ ഏറ്റവും ജനപ്രിയ ജോഡി അന്നവിടെ പിറവിയെടുക്കുകയായിരുന്നു. പില്‍ക്കാലത്ത് കലാമൂല്യമുള്ളതും ജനസമ്മതി നേടിയതുമായ ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും നായികാനായകന്‍മാരായി വേഷമിട്ടു.
സെഞ്ച്വറിയുടെ ബാനറില്‍ രാജു മാത്യു നിര്‍മ്മിച്ച സന്ധ്യക്ക് വിരിഞ്ഞ പൂവില്‍ മമ്മൂട്ടി, സീമ എന്നിവരെ കൂടാതെ ശങ്കര്‍, അംബിക, അടൂര്‍ ഭാസി, മോഹന്‍ലാല്‍ എന്നിവരും വേഷമിട്ടു. ഒ എന്‍ വി യുടെ വരികള്‍ക്ക് ഇളയരാജ ഈണം നല്‍കിയ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളായി. മുന്‍നിരനായകനിലേക്കുള്ള മമ്മൂട്ടിയുടെ പ്രയാണത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു സന്ധ്യക്ക് വിരിഞ്ഞ പൂവ് എന്ന് നിസ്സംശയം പറയാന്‍ കഴിയും. താന്‍ നാലാള്‍ തിരിച്ചറിയുന്ന ഒരു താരമായി മാറുന്നത് ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷമാണെന്ന് ചമയങ്ങളിലാതെ എന്ന തന്റെ ആത്മകഥയില്‍ മമ്മൂട്ടി വിവരിക്കുന്നുണ്ട്.
