സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി.

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ മെമ്പറായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത സതീശന്‍ തില്ലങ്കേരിക്ക് പിള്ളയാര്‍ കോവിലില്‍ സ്വീകരണം നല്‍കി.

മേല്‍ശാന്തിമാരായ എസ്. കണ്ണശിവം, ശിവപ്രകാശ് എന്നിവര്‍ ചേര്‍ന്ന് ഹാരമണിയിച്ച് മംഗള സ്തുതി പാടി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍ പൊന്നാടയണിയിച്ചു.

പാലകുളങ്ങര ദേവസ്വം ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍, പി എം.ജെ ഉത്തമന്‍, ക്ഷേത്ര ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

സതീശന്‍ തില്ലങ്കേരി

തില്ലങ്കേരിയില്‍ ഒരു സാധാരണ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച സതീശന്‍ തില്ലങ്കേരി നന്നേ ചെറുപ്പത്തില്‍ തന്നെ ആദ്ധ്യാത്മിക ചിന്തനങ്ങളില്‍ തല്പരനായിരുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം താന്ത്രി വിദ്യ, പൂജാദികര്‍മ്മങ്ങള്‍ എന്നിവ മല്ലിയൂര്‍ പരമ്പരയിലെ പുരാണശ്രീ ആലപ്പാട്ട് രാമചന്ദ്രന്റെ ശിക്ഷണത്തില്‍ അഭ്യസിച്ചു.

തന്ത്രവിദ്യാ പീഠത്തില്‍ നിന്ന് ഉപനയനവും കൈക്കൊണ്ടു. ആദ്ധ്യാത്മിക പ്രഭാഷകനായും, ശ്രീമദ് ഭാഗവതം, ദേവീഭാഗവതം, ശിവപുരാണം, സ്‌കന്ദപുരാണം ഇത്യാദികളില്‍ കേരളത്തിനകത്തും പുറത്തും പ്രാവീണ്യം തെളിയിച്ചു. സാമൂഹിക സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമാണ്.

ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംസ്ഥാന സമിതിയംഗം, സംസ്‌കൃത സംഘത്തിന്റെ കണ്ണൂര്‍ ജില്ല സെക്രട്ടറി, പുണ്യം പൂങ്കാവനം ജില്ല കണ്‍വീനര്‍, മാതൃമലയാളം മധുരമലയാളം ട്രസ്റ്റി മെമ്പര്‍, ഹ്യൂമണ്‍ റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ കണ്ണൂര്‍ ജില്ല എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ മെമ്പറായി മൂന്നാം തവണയും കേരള സര്‍ക്കാര്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടു.

പുത്തലത്ത് ഗോവിന്ദന്‍ നമ്പ്യാര്‍- ജാനകിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന ടീച്ചര്‍. മകള്‍ ശിവകാമി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. ഒരു സഹോദരനും സഹോദരിയുമുണ്ട്.