നീതി ലഭിച്ചില്ലെങ്കില്‍ നവംബര്‍ ഒന്നുമുതല്‍ മെഡിക്കല്‍ കോളേജിന് മുന്നില്‍ കുടുംബസത്യാഗ്രഹമെന്ന് ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പുകാരന്‍-
Report-By-Chandralal-Pariyaram
പരിയാരം: പ്രവാസി സംരംഭകന്‍ കുടുംബസമേതം മെഡിക്കല്‍ കോളേജിന് മുന്നില്‍ സത്യാഗ്രഹം നടത്തും.
പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഒക്ടോബര്‍ 31 നകം ഹോസ്റ്റല്‍ തിരികെ ലഭിക്കാത്ത പക്ഷം നവംബര്‍ ഒന്നിന് രാവിലെ മുതല്‍ കുടുംബസത്യാഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ പത്രക്കുറിപ്പുകള്‍ നല്‍കുന്ന മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്യുമെന്നും എസ്.പി.അബ്ദുള്‍ഷൂക്കൂര്‍ പറഞ്ഞു.
15 ന് സത്യാഗ്രഹത്തിന് മെഡിക്കല്‍ കോളേജിലെത്തിയ അബ്ദുള്‍ഷുക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു.
2020 ഏപ്രില്‍ 20 ന് മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ കഴിയുന്നതിന് വേണ്ടി ഏറ്റെടുത്ത മെഡിക്കല്‍ കോളേജിന് സമീപത്തെ ഐശ്വര്യ ലേഡീസ് ഹോസ്റ്റല്‍ 2021 ജനുവരിയിലാണ് തിരികെ ലഭിക്കാനായി ജില്ലാ കളക്ടര്‍ക്ക് ഷുക്കൂര്‍ അപേക്ഷ നല്‍കിയത്.
കളക്ടറുടെ ഉത്തരവ് ലഭിച്ചില്ലെന്ന കാരണംപറഞ്ഞ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷൂക്കൂറിന് താക്കോല്‍ തിരികെ നല്‍കിയില്ല.
ഈ കാലയളവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച വാടക 6,43,500 രൂപയായിരുന്നു. ഇതില്‍ നിന്നും 2,01,000രൂപ മാത്രമാണ് ലഭിച്ചത്.
ബാക്കി തുകയായ 4,42,500 രൂപയും ഹോസ്റ്റലിന്റെ താക്കോലും ലഭിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്.
ഇതിനിടയില്‍ കെട്ടിടഉടമ വാടക കുടിശികയുടെ പേരുപറഞ്ഞ് അനധികൃതമായി ഹോസ്റ്റലില്‍ കയറി മറ്റുള്ളവര്‍ക്ക് വാടകക്ക് നല്‍കുകയും ചെയ്തു.
ഇതിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല.
5 ലക്ഷം രൂപ അഡ്വാന്‍സും ഫര്‍ണിച്ചറുകള്‍ക്ക് 10 ലക്ഷം രൂപയും ഉള്‍പ്പെടെ മുടക്കിയ തനിക്ക് സ്ഥാപനം തിരികെ ലഭിച്ചില്ലെങ്കില്‍ അത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും അബ്ദുള്‍ഷുക്കൂര്‍ പറഞ്ഞു.
മെഡിക്കല്‍ കോളേജ് അധികൃതര്‍ താക്കോല്‍ തിരികെ വാങ്ങാനാവശ്യപ്പെട്ട് അയച്ച രജിസ്റ്റര്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും, 7 ദിവസത്തിനകം താക്കോല്‍ തിരികെ വാങ്ങാത്തപക്ഷം ഉത്തരവാദിത്വമില്ലെന്നുമാണ് കത്തില്‍ പറയുന്നതെന്നും ഷുക്കൂര്‍ പറഞ്ഞു.
തനിക്ക് താക്കോലല്ല, അനധികൃതമായി ഹോസ്റ്റല്‍ കയ്യേറിയവരെ ഒഴിപ്പിച്ച് വാടക കുടിശിക തീര്‍ത്ത് തിരികെ നടത്തിപ്പിന് ലഭിക്കുകയാണ് വേണ്ടതെന്നും നീതി ലഭിക്കാത്തപക്ഷം കുടുംബസത്യാഗ്രഹം നടത്തുമെന്നും അബ്ദുള്‍ഷൂക്കൂര്‍ പറഞ്ഞു.