അപേക്ഷ ക്ഷണിച്ചു, ഇന്റര്‍വ്യൂ നടത്തി–ഒടുവില്‍ പട്ടികജാതി വിഭാഗം ഔട്ട്-ടി.ടി.കെ.ദേവസ്വത്തിനെതിരെ നിയമനടപടിക്കൊരുങ്ങി ദളിത് സംഘടന-

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തെ ഉള്‍പ്പെടുത്താതെ വഞ്ചിച്ചതായി പട്ടുവം പഞ്ചായത്ത് പുലയ സമിതി ഭാകവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

2016 വരെയുള്ള ഭരണസമിതിയില്‍ പട്ടികജാതി വിഭാഗത്തിന് അംഗത്വം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഭരണസമിതി സമര്‍ത്ഥമായി ഈ വിഭാഗത്തെ ഒഴിവാക്കി സ്വന്തം ആളുകളെ തിരുകിക്കയറ്റിയെന്നും ഇവര്‍ പറഞ്ഞു.

ഇത്തവണ പത്രങ്ങളില്‍ പരസ്യം ചെയ്ത് പട്ടിക ജാതി വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചുവെങ്കിലും അപേക്ഷ നല്‍കിയവരെ തഴയുകയായിരുന്നു.

പുലയ സമുദായ സംഘം ജോ.സെക്രട്ടറി ടി.രമേശന്‍ അപേക്ഷ നല്‍കുകയും ഇന്റവ്യൂവിന് വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പട്ടികജാതി വിഭാഗത്തെ ഒഴിവാക്കി ഭരണസമിതിയെ നിയമിക്കുകയായിരുന്നു.

ഇതു സംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയ പരാതി പ്രകാരം കമ്മീഷണര്‍ ടി.രമേശന് നല്‍കിയ മറുപടിയില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ സംവരണ തത്വം പാലിക്കാന്‍ വ്യവസ്ഥയില്ലെന്ന മറുപടിയാണ് ലഭിച്ചത്.

എങ്കില്‍ എന്തിനാണ് പട്ടികജാതി വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതെന്ന ചോദ്യത്തിന് മറുപടിയില്ല.

ഈ സാഹചര്യത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പുലയസമുദായ സംഘം പ്രസിഡന്റ് ഇ.ഗോപാലന്‍, സെക്രട്ടറി ഒ.രവീന്ദ്രന്‍, ട്രഷറര്‍ കെ.കെ.കൃഷ്ണന്‍, ജോ.സെക്രട്ടറി ടി.രമേശന്‍ എന്നിവര്‍ അറിയിച്ചു.