കമല്‍ കുതിരുമ്മലിന്റെ ഗുരുശില്‍പ്പം ദീപാവലിദിനത്തില്‍ ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരുമഠത്തില്‍ സ്ഥാപിക്കും.

പിലാത്തറ: ശില്‍പ്പി കമല്‍ കുതിരുമ്മല്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും.

മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം ഒന്നരമാസം സമയമെടുത്താണ് നിര്‍മ്മിച്ചത്.

കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ്പ നിര്‍മ്മാണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കമല്‍ യാതൊരു അക്കാദമിക്ക് പരിശീലനമോ പ്രമുഖ ശില്‍പ്പികളുടെ സഹായിയായോ നില്‍ക്കാതെ സ്വയം ആര്‍ജിച്ചെടുത്ത കഴിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ശില്‍പ്പനിര്‍മ്മാണം ആരംഭിച്ചത്.

കുഞ്ഞിമംഗലം സ്വദേശിയായ കമല്‍ കുതിരുമ്മല്‍ പിലാത്തറ പെരിയാട്ടാണ് ശില്‍പ്പനിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്.

നിര്‍മ്മിച്ചതില്‍ കൂടുതലും മഹാത്മാഗാന്ധിയുടെ ശില്‍പ്പങ്ങളാണ്. കാസര്‍ഗോഡ് ഡി.സി.സി ഓഫീസ്, കാഞ്ഞങ്ങാട് ഗാന്ധി പീസ് ഫൗണ്ടേഷന്‍, പയ്യന്നൂര്‍ പ്രകൃതി ജീവനകേന്ദ്രത്തിലെ ധ്യാനത്തിലിരിക്കുന്ന ഗാന്ധിജി, മുഴപ്പിലങ്ങാട് ശ്രീനാരായണഗുരുമഠത്തിലെ ഗുരുശില്‍പ്പം, ശ്രീബുദ്ധന്‍, ഇ.എം.എസ് എന്നിവരുെട ശില്‍പ്പങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.

കളിമണ്ണില്‍ നിര്‍മ്മിച്ച ശേഷം ആവശ്യക്കാരുടെ നിര്‍ദ്ദേശങ്ങല്‍ കൂടി സ്വീകരിച്ച ശേഷം ഫൈബറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

കെ.വി.രമിത്ത്, കെ.പി.പ്രദീപന്‍ എന്നിവരാണ് ശില്‍പ്പം ഫൈബര്‍ രൂപത്തിലേക്ക് മാറ്റാന്‍ കമലിനോടൊപ്പം സഹായികളായി കൂടെയുള്ളത്.