നീയാരാടാ മെഹറൂഫിന്റെ ഉപ്പയോ ? എന്ന് പരാതിക്കാരനോട് പരിയാരം പോലീസ് ചോദിച്ചതായി ആരോപണം ടി.കെ മാറൂഫിന്റെ മരണം:ജീവന്‍ കാക്കേണ്ട പോലീസ്, കൊലയാളിയായി മാറുന്നുവോ? എസ് ഡി പി ഐ

പരിയാരം: തിരുവട്ടൂര്‍ സ്വദേശിയും ഡ്രൈവറുമായ ടി.കെ.മെഹറൂഫിന്റെ മരണത്തില്‍ പരിയാരം പോലീസ് കുറ്റകരമായ അനാസ്ഥകാണിച്ചതായി എസ്.ഡി.പി.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേതാക്കളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

നവംബര്‍ പത്താം തിയ്യതി ഞായറാഴ്ച്ച രാത്രി 10:45 ന് കുട്ട്യേരി-ഇരിങ്ങല്‍ -കടവില്‍ മഫ്തിയില്‍ എത്തിയ പോലീസ് ഓടിച്ച് പുഴയില്‍ ചാടിച്ച പ്രവാസിയും ടിപ്പര്‍ ഡ്രൈവറുമായ മഹ്റൂഫ് (28)ന്റെ മരണത്തിന് ഉത്തരവാദി പരിയാരം പോലീസാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

പുഴയില്‍ വീണ മഹ്റൂഫിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാത്ത പോലീസ് കൂടെയുള്ളവര്‍ രക്ഷപ്പെടുത്തുന്നതിന് തടസ്സമായി കടവില്‍ തന്നെ നിലയുറപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ തന്നെ എഴുതി തയ്യാറാക്കിയ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്ന ലോറി ഉടമ സുബൈറിനോട് ‘നീ ആരെടാ, മഹ്റൂഫിന്റെ ഉപ്പയാണോ?’ എന്ന ശകാരത്തോട് കൂടി പരാതി പോലും സ്വീകരിക്കാതെ സിഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ തിരിച്ചയാക്കുകയായിരുന്നു. പിന്നീട് ഫൈബര്‍ ബോട്ട് ഉടമ ഷഫീഖ് പരിയാരം സ്റ്റേഷനില്‍ ചെന്ന് പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് മഹ്റൂഫിന്റെ കുടുംബ ബന്ധുവായ പരിയാരം പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറോടൊപ്പം ഉപ്പയും കുടുംബാംഗങ്ങളും പരാതി നല്‍കാന്‍ പോവുകയും സ്വീകരിക്കാന്‍ തയ്യാറാവാത്ത പോലീസ് അവന്‍ തിരിച്ചു വരും കാഞ്ഞിരങ്ങാട് ഭാഗത്ത് അവന്‍ ഉണ്ടെന്ന് വിശ്വസിപ്പിച്ച് തിരിച്ചയാക്കുകയായിരുന്നു. ഈ സമയങ്ങളിലെല്ലാം നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും പുഴയിലുടനീളം തിരച്ചില്‍ നടത്തുകയായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്ന് ചെറിയ ഒരു സഹായം ലഭിച്ചിരുന്നുവെങ്കില്‍ മഹ്റൂഫിന്റെ ജീവന്‍ രക്ഷിക്കമായിരുന്നു എന്നും മൂന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ പരിയാരം സ്റ്റേഷനില്‍ പോയി സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് പരാതി സ്വീകരിച്ചതെന്നും നേതാക്കള്‍ ആരോപിച്ചു. എന്നിട്ടും തിരച്ചിലിന് ആവശ്യമായ യാതൊരു നടപടിയും പോലീസ് സ്വീകച്ചിട്ടില്ലെന്നും. നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 12:30 ഓടു കൂടി ഇരു കൈകളിലും മൊബൈലുകള്‍ പിടിച്ച നിലയില്‍ മഹ്റൂഫിനെ ഓടിച്ചിട്ട കടവില്‍ നിന്നും 10 മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
പരാതി സ്വീകരിക്കാന്‍ പോലും തയ്യാറാവാതെ മഹ്റൂഫിനെ കൊലക്ക് കൊടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നും, മഹ്റൂഫിന്റെ കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു. നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവില്‍ പയ്യന്നൂര്‍ ഡിവൈഎസ്പി യുടെയും ആര്‍ഡിഒ യുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാണ് രാത്രി ഏഴ് മണിയോട് കൂടി തിരുവട്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. ഇതിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ എടുക്കാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

വാര്‍ത്ത സമ്മേളനത്തില്‍ എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സി. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ തിരുവട്ടൂര്‍, എസ്ഡിപിഐ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സല്‍ കുറ്റ്യേരി, സെക്രട്ടറി പി.വി അയ്യൂബ്, എസ് ഡി പി ഐ തിരുവട്ടൂര്‍ ബ്രാഞ്ച് പ്രസിഡന്റ് പി.മുഹ്‌സിന്‍ എന്നിവര്‍ പങ്കെടുത്തു