ആരുടെ സുരക്ഷയാണ് സാര്‍ ഇവര്‍ സംരക്ഷിക്കുന്നത്–സുരക്ഷാ ജീവനക്കാര്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭീഷണിയാവുന്നു-

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരനെ സുരക്ഷ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പോലീസ് കമീഷണറും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം നടത്തണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു.

മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

പൊതുപ്രവര്‍ത്തകനായ ജോസ് വൈ.ദാസും പരാതി നല്‍കി. ചിറയിന്‍കീഴ് കീഴിലം സ്വദേശി അരുണ്‍ദേവിനാണ് (28) മര്‍ദനമേറ്റത്.

തര്‍ക്കത്തിനൊടുവില്‍ അരുണിനെ പിടിച്ചുവലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് സുരക്ഷ ജീവനക്കാരും കൂട്ടിരുപ്പുകാരും തമ്മില്‍ പ്രശ്‌നമുണ്ടാകുന്നതെന്ന് പരാതിയുണ്ട്.

മെഡിക്കല്‍ കോളേജുകളില്‍ ഉള്‍പ്പെടെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ വലിയ പ്രശ്‌നക്കാരായി മാറിയിരിക്കയാണ്.

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ സംഘം ചേര്‍ന്നുള്ള ആക്രമത്തിനിരയായ അരുണ്‍ ദേവിന്റെ അമ്മൂമ്മ മരിച്ചു.

നെഞ്ചു വേദനയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജമ്മാള്‍ ആണ് മരിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. രാജമ്മാളിന് കൂട്ടിരിക്കാന്‍ എത്തിയപ്പോഴായിരുന്നു ചിറയില്‍കീഴ് കിഴില്ലം സ്വദേശി അരുണ്‍ ദേവിനെ(28) ആശുപത്രി ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.

മുത്തശ്ശിയുടെ പരിശോധനാ ഫലങ്ങള്‍ വാങ്ങാനായി ആശുപത്രിക്ക് പുറത്തിറങ്ങിയ അരുണ്‍ദേവ് തിരികെ വരുമ്പോള്‍ ബന്ധു ഒപ്പമുണ്ടായിരുന്നു.

സെക്യൂരിറ്റി ജീവനക്കാരനോട് ബന്ധുവിനെ കൂടി ഉള്ളില്‍ പ്രവേശിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചു. വിസമ്മതിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ പ്രവേശന പാസ് വാങ്ങി മടക്കി നല്‍കിയില്ല.

പാസ് മടക്കി നല്‍കാന്‍ അരുണ്‍ദേവ് ആവശ്യപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരന്‍ പാസ് കീറിയെറിഞ്ഞു. ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അരുണ്‍ദേവിനെ സുരക്ഷ ഉദ്യോഗസ്ഥന്‍ പിടിച്ചുതള്ളി.

സംഭവം ചിലര്‍ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ അരുണ്‍ ദേവിനെ ബലമായി പിടിച്ചുവലിച്ച് സെക്യൂരിറ്റി റൂമിനു പിന്നിലേക്ക് കൊണ്ടുപോയി സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ നേരത്തെ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ മെഡിക്കല്‍ കോളജ് പോലിസാണ് അറസ്റ്റ് ചെയ്തത്.

അരുണ്‍ദേവ് നല്‍കിയ പരാതിയിലാണ് പോലിസിന്റെ നടപടി.സെക്യൂരിറ്റി ജീവനക്കാരുടെ അതിക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ സംഘടനകള്‍ മെഡിക്കല്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.