കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പിടികൂടി.

തളിപ്പറമ്പ്: അര്‍ദ്ധരാത്രിയില്‍ കക്കൂസ്മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ലോറി പ്രദേശവാസികളുടെ സമര്‍ത്ഥമായ നീക്കത്തില്‍ പിടിയിലായി.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ വെള്ളാരംപാറയിലാണ് സംഭവം.

കെ.എല്‍.32 ഡി 8106 നമ്പര്‍ മിനി ടാങ്കര്‍ ലോറിയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.

വെളളാരംപാറ പടക്കശാല റോഡിലെ ഒരു വീട്ടില്‍ സല്‍ക്കാരപരിപാടിക്ക് ഭക്ഷണമുണ്ടാക്കുന്നവര്‍ക്ക് രൂക്ഷമായ

ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ അന്വേഷണമാണ് മാലിന്യം തള്ളാനെത്തിയ ലോറി പിടിയിലാവാന്‍ കാരണം.

ഈ പ്രദേശത്ത് സ്ഥിരമായി കക്കൂസ്മാലിന്യം തള്ളുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.

തളിപ്പറമ്പ് കപ്പാലം സ്വദേശികളാണ് വാഹനത്തില്‍ എത്തിയതെന്ന് സൂചനയുണ്ട്.

തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പ്രദേശവാസികളായ അയ്യൂബ്, സമീര്‍. സുബൈര്‍, സജീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടി പോലീസിന് കൈമാറിയത്.

വാഹനത്തിലുണ്ടായിരുന്നവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.