അനധികൃത ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്ന് കക്കൂസ് മാലിന്യം- നാളെ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും.

തളിപ്പറമ്പ്: പൊതുസ്ഥലത്ത് കക്കൂസ് മാലിന്യം തളള്ളിയ സംഭവത്തില്‍ ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പട്ടുവത്തെ പെരുങ്കുന്നപ്പാല വീട്ടില്‍ വി.മനോജിനെതിരെയാണ്(44) കേസെടുത്തത്. മാലിന്യം കടത്തിയ കെ.എല്‍ 58-ഡി-4287 ഗുഡ്‌സ് ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് നാട്ടുകാര്‍ ഓട്ടോറിക്ഷ പിടികൂടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നും കക്കൂസ് മാലിന്യം പുറം തള്ളുന്നത് പൊതുജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായ പരാതി വ്യാപകമാണ്.

പട്ടുവം ആശാരിവളവ് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന മാണുക്കരയിലെ കുമ്പക്കര കുഞ്ഞിക്കണ്ണന്റെ ഉടമസ്ഥതയിലുള്ള കടമുറികളുടെ പിന്നില്‍ പഞ്ചായത്ത് കെട്ടിട നമ്പറോ, അനുമതിയോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് കക്കൂസ് മാലിന്യം പൊതു സ്ഥലത്തേക്ക് പുറം തള്ളുന്നത്.

പ്രാഥമിക സൗകര്യം പോലുമില്ലാതെ ഇരുപതിലധികം അതിഥി തൊഴിലാളികളാണ് ഇവിടെ വാടകക്ക് താമസിച്ച് വരുന്നത്.

ഇവയില്‍ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇവിടെ നിന്നും ഉണ്ടാകുന്ന കക്കൂസ് മാലിന്യങ്ങളടക്കം പൊതു ഓടയിലേക്ക്‌
ഒഴുക്കിവിടുന്നതുമൂലം പരിസരമാകെ ദുര്‍ഗന്ധം പരക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അതിരൂക്ഷമായ ആപരക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അതിരൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയുമാണ്.

മണ്‍സൂണ്‍ ആരംഭിച്ചതു മുതല്‍ മാലിന്യ ടാങ്കുകള്‍ നിറഞ്ഞ് ഇവയില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങടക്കമുള്ളവ പുറത്തേക്ക് ഒഴുകുന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

കൂടാതെ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള കുന്നില്‍ നിന്നുള്ള ഉറവ ജലവും മാലിന്യത്തിന്റെ ഒഴുക്ക് രൂക്ഷമാക്കുന്നു.

ഈ മാലിന്യങ്ങള്‍ ഉടമസ്ഥന്റ നേതൃത്വത്തില്‍ പൈപ്പ് വഴി പൊതു  പൊതു ഓടയിലേക്ക്‌ഒഴുക്കിവിടുകയുമാണ്.

ഇതു കാരണം സമീപ വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും നിരവധി ആരോഗ്യ പ്രശ്‌നങ്ങളും രൂക്ഷഗന്ധവും അനുഭവപ്പെടുന്നുണ്ട്.

ഇവ ഒഴുകി ജലസ്‌ത്രോതസുകളില്‍ എത്തിപ്പെടുന്നതിനും വയറിളക്കം, മഞ്ഞപ്പിത്തം പോലുള്ള ജലജന്യരോഗങ്ങള്‍ക്ക് കരണമാകാനും സാധ്യതയുണ്ട്.

വേണ്ടത്ര സുരക്ഷയില്ലാതെ കെട്ടിടത്തിന്റെ ടെറസില്‍ പോലും അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകും.

മാലിന്യനിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും നേതൃത്വത്തില്‍ വൈകുന്നേരം അഞ്ച് മണിക്ക് കാവുങ്കല്‍ ആശാരിവളവ് ദേശപ്രിയ വായനശാലക്ക് സമീപം പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്.