പെരുഞ്ചെല്ലൂരില്‍ ശുദ്ധസംഗീതത്തിന്റെ നാദബ്രഹ്‌മം തീര്‍ത്ത് സിക്കില്‍ ഗുരുചരന്‍

തളിപ്പറമ്പ്: സിക്കില്‍ ഗുരുചരന്‍ സംഗീത മാധുരി ചൊരിഞ്ഞപ്പോള്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ 64-ാമത്തെ കച്ചേരി അക്ഷരാര്‍ത്ഥത്തില്‍ ശുദ്ധസംഗീത ആസ്വാദകര്‍ക്ക് ഒരു അപൂര്‍വ വിരുന്നായി.

മുതിര്‍ന്ന പക്കമേള കലാകാരന്മാരായ വയലനില്‍ ട്രിവാന്‍ഡ്രം ആര്‍.സമ്പത് നാരായണനും മൃദംഗത്തില്‍ തൃച്ചുര്‍ സി.നരേന്ദ്രനും കൂടി ഇതോടൊപ്പം ചേര്‍ന്നപ്പോള്‍ ശ്രോതാക്കള്‍ സംഗീതത്തിന്റെ മായിക പ്രപഞ്ചത്തില്‍ ലയിച്ചു.

കൊത്തവാസല്‍ വെങ്കിട്ടരാമ അയ്യര്‍ സാവേരി രാഗത്തില്‍ രചിച്ച സരസുട നിന്നെ കോരി എന്ന വര്‍ണത്തോടെ കച്ചേരി ആരംഭിച്ചു.

പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അറുപത്തി നാലാം കച്ചേരി ആയതിനാല്‍ അറുപത്തി നാലാം മേളകര്‍ത്താ രാഗം വാചസ്പതിയില്‍ പരമശിവനെ കീര്‍ത്തിച്ചു കൊണ്ടുള്ള പരാത്പര പരമേശ്വര എന്ന കീര്‍ത്തനം ആലപിച്ച് ഗുരുചരണ്‍ ആസ്വാദകരെ ഭക്തി സാന്ദ്രത്തിലാക്കി.

ഭാവ വൈവിധ്യം തുളുമ്പുന്ന ആലാപന മികവുമായി അതുല്യ ശബ്ദത്തിന്റെ അനുഗ്രഹീത കലാകാരന്‍ ഗുരുചരന്‍ സംഗീതാസ്വാദകര്‍ക്ക് ശുദ്ധ സംഗീതത്തിന്റെ കരുത്തറിയിച്ചു കൊണ്ട് അവിസ്മരണീയമായ സംഗീത വിരുന്നിന് സാക്ഷിയായി.

മൃദംഗം വിദ്വാന്‍ പത്മശ്രീ പാലക്കാട് ആര്‍ രഘുവിന്റെ ആദ്യകാല ശിഷ്യനും അഞ്ച് തലമുറയിലധികം സംഗീതജ്ഞര്‍ക്കൊപ്പം കച്ചേരി അനുഗമിച്ച ആകാശവാണിയിലെ ടോപ് റാങ്ക് ആര്‍ട്ടിസ്റ്റുമായ തൃച്ചുര്‍ സി.നരേന്ദ്രനെ പെരുഞ്ചെല്ലൂര്‍ സംഗീത സഭ ആദരിച്ചു.

കലാകാരന്മാരെ കെ.പി.ബിജു മാസ്റ്റര്‍, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ സംസാരിച്ചു.

അനുഗ്രഹീതമായ ശബ്ദസൗകുമാര്യത്തില്‍ ശാസ്ത്രീയ ശൈലിയില്‍, മനോധര്‍മ്മ പ്രയോഗങ്ങളുടെ പ്രത്യേകതയില്‍ നാദപ്രവഹമായി അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫ്‌ളൂട്ടിസ്റ്റുകളായ സിക്കില്‍ സിസ്റ്റേഴ്‌സിലെ സിക്കില്‍ കുഞ്ഞുമണിയുടെ ചെറുമകനാണ് ഗുരുചരണ്‍.