യാഗശാല അഗ്‌നിയിലമര്‍ന്നു- ഭക്തിയുടെ നിറവില്‍ ദേവഗണങ്ങള്‍ക്ക് സോമാഹൂതി ചെയ്തു-യാഗ സംഭാരങ്ങളും യജ്ഞ സാമഗ്രികളും പ്രകൃതിയില്‍ ലയിപ്പിച്ചു
പിലാത്തറ: കൈതപ്രം യജ്ഞ ഭൂമിയില്‍ ആറ് ദിവസമായി രാപ്പകല്‍ ഭേദമില്ലാതെ നടന്നുവന്ന യാഗകര്‍മ്മങ്ങള്‍ക്കും വേദഘോഷ –
ഹോമാദികള്‍ക്കും പരിസമാപ്തി കുറിച്ച് കൊണ്ട് യാഗശാല അഗ്‌നിക്ക് സമര്‍പ്പിച്ചു.
വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മുതല്‍ അവസാന ദിവസമായ വെള്ളിയാഴ്ച്ച ഉച്ചവരെ ഇടതടവില്ലാതെ നടന്ന യാഗക്രിയകള്‍ക്ക് ശേഷം സോമാഹൂതിയോടെ മഹാഹോമം നടന്നു.
മുഖ്യാചാര്യന്‍ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാട് യജമാനനെ സോമയാജിപ്പാട് എന്ന സ്ഥാനപ്പേര് ചൊല്ലി വിളിച്ചു.
തുടര്‍ന്ന് ഉദയനീയേഷ്ടി, മൈത്രാ വരുണേഷ്ടി എന്നീ ഇഷ്ടികള്‍ക്കു ശേഷം സക്തുഹോമം നടന്നു.
വാസുദേവപുരം ക്ഷേത്രക്കുളത്തില്‍ അവഭൃതസ്‌നാനം നടന്നു.
തിരിച്ച് യാഗശാലയിലെത്തിയ യജമാനന്‍ യാഗകര്‍മ്മാദികളില്‍ എന്തെങ്കിലും ലോപം സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്വ കര്‍മ്മങ്ങള്‍ നടത്തി.
ക്രിയാ ദക്ഷിണക്ക് ശേഷം മൂന്ന് ഹോമകുണ്ഡങ്ങളില്‍ നിന്നുള്ള അഗ്‌നിയെ മൂന്ന് മണ്‍കലത്തിലേക്ക് ആവാഹിച്ചെടുത്ത് ത്രേദാഗ്‌നിയുമായി യജമാനനും പത്‌നിയും ഭൂസ്പര്‍ശത്തോടെ കൊമ്പങ്കുളത്തില്ലത്തേക്ക് മടങ്ങി.
തുടര്‍ന്നാണ് അന്തരീക്ഷമാകെ മുഴങ്ങുന്ന നാമജപ ഘോഷത്തോടെ യാഗശാല അഗ്‌നിക്കായി സമര്‍പ്പിച്ചത്.
ഊട്ടുപുരയില്‍ പതിനായിരങ്ങള്‍ എത്തിയ പ്രസാദ് ഊട്ട് രാത്രിയേറെ വൈകും വരെ നടന്നു.
ആറ് ദിവസമായി കൈതപ്രത്ത് നടന്നുവരുന്ന യാഗത്തില്‍ മൂന്ന്‌ലക്ഷത്തിലേറെ ആളുകള്‍ എത്തിച്ചേര്‍ന്നതായാണ് കണക്ക്.
