ആശ്രമ മാതൃകയില്‍ സോമയാഗത്തിന്റെ കാര്യാലയമൊരുങ്ങി.

കൈതപ്രം: ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രത്ത് നടക്കുന്ന അഗ്‌നിഷ്ടോമസോമയാഗത്തിന്റെ ആശ്രമ മാതൃകയില്‍ നിര്‍മിച്ച സ്വാഗത സംഘ കാര്യാലയം കാണികളില്‍ കൗതുകമുണര്‍ത്തുന്നു.

പരമ്പരാഗത രീതിയില്‍ മുളകളും കമുകും കൊണ്ട് നിര്‍മ്മിച്ച അതിവിശാലമായ കാര്യാലയത്തിന്റെ മേല്‍ക്കൂര തീര്‍ത്തത് മടഞ്ഞ ഓലയും പുല്ലും പനയോലയും കൊണ്ടാണ്.

നിലം ചാണകം മെഴുകി വൃത്തിയാക്കിയ ആശ്രമ സന്നിധിയില്‍ മനോഹരമായ ഹോമകുണ്ഡവും ധ്യാനനിരതനായ സന്യാസി രൂപവുമുണ്ട്.

സിനിമാ കലാസംവിധായകന്‍ ബാലകൃഷ്ണന്‍ കൈതപ്രത്തിന്റെ മേല്‍നോട്ടത്തില്‍ സുധാകരന്റെ നേതൃത്വത്തിലുള്ള വിദഗ്ധരായ തൊഴിലാളികളാണ് ഇരുപത് ദിവസത്തോളം കൊണ്ട് മനോഹരമായ മാതൃകയൊരുക്കിയത്.

രണ്ട് ലക്ഷം രൂപയോളം ചിലവഴിച്ച് നിര്‍മ്മിച്ച കാര്യാലയത്തിന്റെ ഉദ്ഘാടനം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി കഴിഞ്ഞ ദിവസം നിര്‍വ്വഹിച്ചു.