സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് ഇനി ഓര്‍മ്മ- ഇവിടെ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഉടന്‍ ആരംഭിക്കും
തളിപ്പറമ്പ്: അരനൂറ്റാണ്ടിലധികമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന തളിപ്പറമ്പ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് ഓഫീസ് ഇനി ഓര്‍മ്മ.

ഈ കെട്ടിടത്തില്‍ ഇനി താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ (TE OC) പ്രവര്‍ത്തനം തുടങ്ങും.
ഇതിനായി കെട്ടിടം തിരികെ റവന്യൂ വകുപ്പിന് നല്കി ജില്ല പോലീസ് മേധാവി ഉത്തരവായി.
1910 ല്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണിത താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ് ഇതുവരെ സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തിച്ചു വന്നിരുന്നത്.
നേരത്തെ സബ് ജയിലും പ്രവര്‍ത്തിച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു.
തടവുകാരെ പാര്‍പ്പിക്കാനുള്ള ചെറിയ സെല്ലുകളാണ് ഇവിടെ ഉണ്ടായിരുന്നത്.
ഓര്‍മ്മയാകുന്ന സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസിലും ഇത്തരം രണ്ട് സെല്ലുകളാണ് ഉള്ളത്.
2003 ല്‍ പോലീസ് സ്‌റ്റേഷന്‍ കോടതി റോഡിലെ കെട്ടിടത്തിലേക്ക് മാറിയിട്ടും സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസ് ഇവിടെ തന്നെ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ജൂണ്‍ 21 ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ താലൂക്ക് ആസ്ഥാനങ്ങളില്‍ താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നത്.
താലൂക്കിനു കീഴിലുള്ള സുപ്രധാന വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് പ്രകൃതിക്ഷോഭം ഉള്‍പ്പെടെയുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനാണ് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ആരംഭിക്കുന്നത്.
വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും.
ഇതിനായി കമ്പ്യൂട്ടര്‍ അനുബന്ധ സാമഗ്രികള്‍ ഇതിനകം എത്തി കഴിഞ്ഞു.
തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പ്രതികളെ പാര്‍പ്പിച്ചിരുന്ന രണ്ട് സെല്ലുകളാണ് സ്‌പെഷ്യല്‍ബ്രാഞ്ച് ഓഫീസായി ഉപയോഗിച്ചിരുന്നത്. അടിയന്തിരാവസ്ഥക്കാലത്തും നിരവധിപേരെ ഈ സെല്ലുകളില്‍ പീഡിപ്പിച്ചിരുന്നു.
