ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-ഒന്ന്
(നമ്മള്‍ അറിയുന്നതും എന്നാല്‍ പൂര്‍ണമായി അറിയാത്തതുമായ ഒരു ഗ്രാമമാണ് കൈതപ്രം.
കേരളത്തില്‍ ഇത്തരമൊരു ഗ്രാമം വെറെ കാണുമോ എന്നത് സംശയമാണ്.
കൈതപ്രം ഗ്രാമത്തിലൂടെ സഞ്ചരിച്ചാല്‍ അത് ബോധ്യമാവും.
ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണിത്.
നാല്‍പതോളം പ്രശസ്തമായ ഇല്ലങ്ങളുടെ ഗ്രാമം.
ഇപ്പോള്‍ ഏതാണ്ട് നൂറിലേറെ ബ്രാഹ്മണഗൃഹങ്ങള്‍.
കൈതപ്രം ഗ്രാമത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് തയ്യാറാക്കിയ ഒരാഴ്ച്ചക്കാലം നീണ്ടുനില്‍ക്കുന്ന പരമ്പര ഇന്നുമുതല്‍ ആരംഭിക്കുന്നു–ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–)
ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-ഒന്ന്
പ്രദക്ഷിണമായൊഴുകുന്ന ബൃഹന്നദിയുടെ (പെരുമ്പപുഴയുടെ) കൈവഴിയായ പാണപ്പുഴയുടെ അലമാലകള്‍ കുളിരണിയിക്കുന്ന ഗ്രാമമാണ് കൈതപ്രം.
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ബസ് സ്റ്റാന്റില്‍ നിന്ന് മാതമംഗലം ബസ്സില്‍ യാത്ര ചെയ്താല്‍ കൈതപ്രം ഗ്രാമത്തിലെത്തും.
കൈതപ്രം ഗ്രാമത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയായ തൃക്കൈകുന്നിന് മുകളില്‍ കയറിയാല്‍ ഈ ഗ്രാമ വിശുദ്ധി തൊട്ടറിയാം.
മൂന്ന് ശ്രീകൃഷ്ണക്ഷേത്രങ്ങളാല്‍ ചൈതന്യധന്യം. കൃഷ്ണയജുര്‍വേദശാഖാധ്യാപനം ചെയ്തു പവിത്രജീവിതം നയിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബ്രാഹ്മണ പരമ്പര.
വലത്തോട്ടൊഴുകുന്ന പാണപ്പുഴ, ഇതൊക്കെയും തൃക്കൈകുന്നിന് മുകളില്‍ നിന്നുള്ള ഗ്രാമക്കാഴ്ച.
പൂജാവിധികളുമായി കഴിയുന്ന ഈ ബ്രാഹ്മണ സമൂഹത്തെക്കുറിച്ചറിയണമെങ്കില്‍ നാം പതുക്കെ ഈ കുന്നിറങ്ങണം.
ഒരു കുഞ്ഞ് ജനിച്ചയുടനെ തുടങ്ങുന്നു ഇവിടുത്തെ പൂജാകര്‍മ്മങ്ങള്‍, ഒരു ബ്രാഹ്മണന്‍ സ്വജീവിതത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ വേറെയും.
ഇങ്ങനെ അമ്പലങ്ങളിലും ക്ഷേത്രങ്ങളിലും സ്വഭവനങ്ങളിലും പൂജാവിധികള്‍ക്ക് നേതൃത്വം കൊടുക്കുന്നതു തന്നെയാണ് കൈതപ്രം ഗ്രാമത്തിന്റെ വിശുദ്ധിയും ചൈതന്യവും.
പാരമ്പര്യം മുറുകെ പിടിക്കുമ്പോഴും അനാവശ്യ ശാഠ്യങ്ങളില്ലാത്ത ഒരു സമൂഹം, എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച പ്രമുഖരുടെ ഗ്രാമം.
എത്ര ഉന്നതിയിലായാലും വര്‍ഷങ്ങള്‍ പലതുകഴിഞ്ഞാലും കൈതപ്രം ഗ്രാമത്തിലേക്ക് മടങ്ങിവരാനുള്ള വെമ്പല്‍.
ഇതൊക്കെയും കൈതപ്രം ഗ്രാമത്തിനുമാത്രം സ്വന്തമായ പ്രത്യേകതകള്‍.
പാണപ്പുഴ പാടി നീട്ടിയ നന്തുണിപ്പാട്ടില്‍ നിന്ന് ഈണം കൈയേറ്റുവാങ്ങിയ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഗ്രാമമാണിത്.
കിഴക്ക് പാടിപ്പതിഞ്ഞപാണപ്പുഴ, പടിഞ്ഞാറ് തൃക്കുറ്റ്യേരികുന്ന്, വടക്ക് ചെമ്മന്‍കുന്ന് തെക്ക് പാണപ്പുഴയുടെ കൈവഴിയായ വണ്ണാത്തിപ്പുഴ- ഇതാണ് കൈതപ്രം ഗ്രാമത്തിന്റെ അതിരുകള്‍.
കൈതപ്രത്തിന്റെ ഗാനങ്ങളിലൊക്കെയും നിറഞ്ഞ് നിന്ന ഈ അതിരുകള്‍ ലോകമെമ്പാടുമുള്ളവര്‍ക്ക് സുപരിചിതം.
അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ബ്രാഹ്മണ കുടുംബാംഗങ്ങളാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്.
നാല്‍പ്പത് തറവാടു കളില്‍പ്പെട്ട നൂറോളം ഘടങ്ങളില്‍പ്പെട്ട നാലു ദേശികളെന്നും അഞ്ചുദേശികളെന്നുമുള്ള ബ്രാഹ്മണസമൂഹം താമസിക്കുന്ന ഗ്രാമം.
കൊല്ലൂര്‍, ഗോകര്‍ണം മുതലായ കര്‍ണ്ണാടക ഗ്രാമങ്ങളില്‍ നിന്ന് ചിറക്കല്‍ രാജാവിന്റെ അഭ്യര്‍ത്ഥനപ്രകാരം പൂജാകര്‍മ്മങ്ങള്‍ക്കായാണ് ഈ ബ്രാഹ്മണ കുടുംബങ്ങള്‍ ഇവിടേക്കെത്തിയത്.
അറത്തില്‍, കൈതപ്രം, ചെറുതാഴം, അതിയടം, വടശേരി, കുന്നകു, കോറോം, കുളപ്രം എന്നിവിടങ്ങളിലാണ് ഈ ബ്രാഹ്മണര്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമമാണ് കൈതപ്രം.
പുഴയും വയലും ഹരിതഭൂമി തീര്‍ത്ത ഉത്തമമായ താമസ സ്ഥലമായതിനാ ലാവാം കൈത്ര ത്തെ അന്ന് ബ്രാഹ്മണന് മൂഹം താമസിക്കാന്‍ തെരഞ്ഞെടുത്തതെന്ന് അനുമാനിക്കുന്നു. പിന്നെയാണ് കൈതപ്രം ദേവഭൂമിയായത്.
ഇല്ലങ്ങളുടെ പേരില്‍ ഒരു പുഴ
വലത്തോട്ടൊഴുകുന്ന പുഴയായ പാണപ്പുഴ കൈതപ്രം ഗാമത്തിന്റെ വിശുദ്ധിയും സൗഭാഗ്യവുമാണ്.
ഒരിക്കലും വറ്റാത്ത തെളിനീരു പുഴയെക്കുറിച്ച് പറയാന്‍ കൈതപ്രത്തുള്ളവര്‍ക്ക് നൂറ് നാവാണ്, പൊതുവില്‍ നൂറ് പേരാണ് ഈ പുഴയ്ക്ക്. ഓരോ ഇല്ലങ്ങള്‍ക്ക് മുന്നിലെയും പുഴക്ക് അതാത് ഇല്ലങ്ങളുടെ പേരാണ്. മാടവനപുഴ, ഇടമനപുഴ, കോറമംഗലം പുഴ, കൊമ്പന്‍കുളം പുഴ, മരങ്ങാട്ടെ പുഴ എന്നിങ്ങനെ പോകും പാണപ്പുഴയുടെ പേരിന്റെ വകഭേദങ്ങള്‍.
ഇതും കൂടാതെ അവരവര്‍ക്ക് തോന്നിയ ചില പേരുകളും പാണപ്പുഴയ്ക്കുണ്ട്. കണ്ണാടി പുഴയുടെ തീരത്ത് എന്ന് കൈതപ്രം പാടിയത് ഈ പുഴയെക്കുറിച്ചാണ്.
കുറച്ചുകൂടി തെക്കോട്ടു പോയാല്‍ പാണപ്പുഴ വണ്ണാത്തിപുഴയാകും പേരന്തായാലും ഈ പുഴ ഗ്രാമത്തിന്റെ ഐശ്വര്യമാണ്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാണപ്പുഴയെക്കുറിച്ച് മലയാളത്തിന്റെ പ്രിയ കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു. ‘
അച്ഛന്റെ രോഗം, ആഹാരം കഴിക്കാന്‍ പോലുമില്ലാത്ത ഇല്ലത്തിന്റെ അവസ്ഥ, എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ കുട്ടികള്‍, അപ്പോഴൊക്കെ എനിക്ക് ആശ്വാസം ഈ പുഴയായിരുന്നു. ഈ പുഴക്കരയില്‍ ഞാനും അനുജന്മാരും വന്നിരിക്കും. ചിലപ്പോഴത് രാത്രിയായിരിക്കും ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കി വെറുതെ കിടക്കും. ഞങ്ങളുടെ ഈ അവസ്ഥയ്ക്ക് എന്നെങ്കിലും മാറ്റമുണ്ടാകുമോ? വെറുതെയെങ്കിലും ആശിച്ചിട്ടുണ്ട്. ഒരുപാട്—
പിന്നീട് വണ്ണാത്തിപുഴ ഉപേക്ഷിച്ച കൈതപ്രത്തിന് നാടുവിടേണ്ടി വന്നു. ശാന്തിക്കാരനായി, കവിയായി, പാട്ടെഴുത്തുകാരനായി തിരക്കഥാകൃത്തായി. പ്രശസ്തിയുടെ കുന്നുകള്‍ കയറി അപ്പോഴും മനസ്സില്‍ വണ്ണാത്തിപുഴയായിരുന്നു.
പുഴയുടെ അലകളും കുളിരുമായിരുന്നു. വണ്ണാത്തിപുഴ ഞങ്ങളുടെ ഇഷ്ടമാണ്. സ്‌നേഹമാണ് കാമുകിയാണ്…
എഴുതാനിരിക്കുമ്പോള്‍ ഈ പുഴ മനസ്സിലേക്ക് വരും. ഞങ്ങളെ ഉറക്കാന്‍ ഈ പുഴ എത്രയോ താരാട്ടുകള്‍ പാടിയിരിക്കുന്നു.
കൈതപ്രം ഗ്രാമത്തിലുള്ളവര്‍ക്ക് ഈ ഗ്രാമത്തിന്റെ കുളിരും പച്ചപ്പും മറ്റെങ്ങും കിട്ടില്ല. വണ്ണാത്തിപുഴയുടെ തീരം, തൃക്കുറ്റേ്യരി കുന്നിന്റെ നെറുക, കാനായി പാടങ്ങളുടെ വരമ്പ്, പൂമാലക്കാവിലെ തിറ, നാലുകെട്ടിന്റെയും നടുമുറ്റങ്ങളുടേയും തണുപ്പ്.
പൂജാവിധികളുടെ ദൈവീകത. ഇത് മറ്റെവിടെയും ഇവര്‍ക്ക് കിട്ടില്ല. ഒടുവില്‍ ഈ ദേവഭൂമിതന്നെ ശരണമെന്നും ആശ്വാസമെന്നും ഇവര്‍ പറയും.
