സംസ്ഥാനപാതയില്‍ കള്ളക്കുഴികളും ഗട്ടറുകളും ജനം ദുരിതത്തില്‍

തളിപ്പറമ്പ്: നാട്ടുകാര്‍കാഴ്ച്ചക്കാരല്ല, കാവല്‍ക്കാരാണെന്ന് റോഡരികില്‍ ബോര്‍ഡ് വെച്ചതുകൊണ്ടായോ- ആയില്ലെന്ന് വ്യക്തമാക്കുന്നതാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 ന്റെ ഇന്നത്തെ അവസ്ഥ.

മെക്കാഡം ടാറിംഗ് നടത്തി കുട്ടപ്പനാക്കിയ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. പലതും ഓര്‍ക്കാപ്പുറത്ത് എടുത്തടിക്കുന്ന വാരിക്കുഴികളാണ്.

റോഡ് പൊട്ടാതെ കുഴിഞ്ഞ് താഴുന്ന പ്രതിഭാസമാണ് മിക്കയിടത്തും കാണുന്നത്. കുഴിയില്‍ വീണാല്‍ മാത്രമേ കുഴിയുള്ള കാര്യം ഇരുചക്രവാഹനയാത്രക്കാര്‍ അറിയൂ.

മറ്റൊന്ന് ചില സ്ഥലങ്ങളില്‍ വീതികൂട്ടിയതാണ്. ഒരിഞ്ച് സ്ഥലംപോലും ബാക്കിവെക്കാതെ ടാറിംഗ് നടത്തിയ തളിപ്പറമ്പ് താലൂക്കാശുപത്രി പരിസരത്താണ് ഈ ദുരവസ്ഥ കാണുന്നത്.

റോഡ് പൂര്‍ത്തിയായി ഒരാഴ്ച്ച തികയും മുമ്പേയാണ് അടിയിലുള്ള വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടാന്‍ തുടങ്ങിയത്. റോഡ് പൊളിച്ച് കുഴിയാക്കാതെ പൈപ്പ് ശരിയാക്കാനാവില്ല.

വലിയ കുഴിയെടുത്ത് പൈപ്പ് ശരിയാക്കിയെങ്കിലും കുഴി അതേപടി നില്‍ക്കുകയാണ്. ഇത്തരത്തില്‍ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജ് ജംഗ്ഷനിലുള്ള കുഴിയാണ് ചിത്രത്തില്‍ കാണുന്നത്.

കാല്‍നടക്കാര്‍ക്കും വാഹനയാത്രികര്‍ക്കും ദുരിതമായി മാറിയ കുഴി ഏത് കാഴ്ച്ചക്കാരനാണ് ശരിയാക്കുക എന്നത് മാത്രമാണ് നാട്ടുകാരുടെ ചോദ്യം.