മെഡിക്കല്‍ കോളേജിലെ സി.പി.എം കയ്യടക്കലിനെതിരെ സമരപരമ്പരള്‍ക്ക് രൂപം നല്‍കി യു.ഡി.എഫ് നേതൃത്വസംഗമം.

പരിയാരം: സമരസജ്ജരായി യു.ഡി.എഫ് നേതൃത്വം. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ കയ്യേറുന്ന സി പി എം നിയന്ത്രണ സൊസൈറ്റിക്കെതിരെയും മെഡിക്കല്‍ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കാനുമായി യു.ഡി എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ സമരത്തിന് അരങ്ങൊരുങ്ങുന്നു.

ഇന്നലെ പരിയാരം സന്‍സാര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാതല നേതൃത്വസംഗമം വരും ദിനങ്ങളില്‍ സി.പി എം കൈയ്യടക്കലിനെതിരെ ശക്തമായസമരപരമ്പരകള്‍ നടത്താന്‍ തീരുമാനിച്ചതായി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു അറിയിച്ചു.

ഉത്തരമലബാറിലെ രോഗികള്‍ക്ക് ആശ്വാസം പകരുന്ന മെഡിക്കല്‍ കോളേജിനെ സൂപ്പര്‍ മാര്‍ക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും കൊണ്ട് നിറച്ച്.. രോഗികള്‍ ഇരിക്കേണ്ടവരാന്തകളുംസ്ഥലങ്ങളും മറ്റ് പൊതുസ്ഥലങ്ങളും കയ്യേറി കൊണ്ട് കേരളത്തിലെ ഒരു മെഡിക്കല്‍ കോളേജിലും കാണാത്ത വിധത്തില്‍ രാഷ്ട്രീയവല്‍ക്കരണം നടക്കുന്നതിനെതിരെയാണ് ബഹുജനസമരം നടത്തുന്നത്.

കാന്‍സര്‍ രോഗികള്‍ക്ക് യഥാര്‍ത്ഥ ട്രീറ്റ്‌മെന്റ് കിട്ടാത്തതും ബൈപ്പാസ് സര്‍ജറി നിര്‍ത്തലാക്കിയതും പല ഒ.പികളും പിജി വിദ്യാര്‍ത്ഥികള്‍ കൈകാര്യം ചെയ്യുന്നഅവസ്ഥക്കെതിരെയും സംസ്ഥാനനേതാക്കളെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളാണ് ഉദ്ദേശിക്കുന്നതെന്ന് പി.ടി.മാത്യു പറഞ്ഞു.

കണ്‍വീനര്‍ അഡ്വ. അബ്ദുല്‍ കരീം ചേലേരി, ഘടക കക്ഷി നേതാക്കളായ ജോസഫ് മുള്ളന്‍മട, ജോസ് പരിയാരം സുധീഷ് കടന്നപ്പള്ളി, എം.പി.ഉണ്ണികൃഷ്ണന്‍, കെ.ടി.സഹദുള്ള, യുഡിഎഫ് കല്യാശേരി നിയോജകമണ്ഡലം ചെയര്‍മാന്‍ സുനില്‍ പ്രകാശ് തളിപ്പറമ്പ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഒ.പി.ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.