ചക്കരക്കല്ലില്‍ നക്ഷത്രആമയെ കണ്ടെത്തി.

ചക്കരക്കല്ല്: ചക്കരക്കല്‍ ടൗണിന് സമീപത്ത് നിന്നും നക്ഷത്ര ആമയെ കണ്ടെത്തി.

നക്ഷത്ര ആമയെ കണ്ട നാട്ടുകാര്‍ വനം വകുപ്പ് അംഗീകൃത റെസ്‌ക്യൂര്‍ ആയ സന്ദീപ് ചക്കരക്കലിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സന്ദീപ് സ്ഥലത്തെത്തി ആമയെ പിടികൂടി.

കേരളത്തില്‍ ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ മാത്രമേ ഇതിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ നിലവില്‍ ഉള്ളു.

ഈ സാഹചര്യത്തില്‍ ചക്കരകല്ലില്‍ കണ്ടെത്തിയ നക്ഷത്ര ആമയെ ആരെങ്കിലും നിയമ വിരുദ്ധമായി വളര്‍ത്തിയതിന് ശേഷം പിടിക്കപെടുമെന്ന് ഭയന്ന് തുറന്ന് വിട്ടതായിരിക്കുവാനുള്ള സാധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല.

1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍-4ല്‍ ആണ് നക്ഷത്ര ആമ ഉള്‍പെടുന്നത്.

ഇവയെ നിയമവിരുദ്ധമായി കൈവശം വെച്ചാല്‍ 3 വര്‍ഷം വരെ തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്.

പല വിദേശ രാജ്യങ്ങളിലും ഉള്ള വീടുകളില്‍ ഈ ആമയെ വളര്‍ത്തു മൃഗമായി വെക്കാറുണ്ട്.

നിയമസാധുത ഇല്ലാതെ ഇന്ത്യയില്‍ നിന്നും നക്ഷത്ര ആമയെ കടത്തിക്കൊണ്ടു പോകുന്നത് പിടിക്കപെടാറുണ്ട്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ( IUCN ) ചുവപ്പ് പട്ടികയില്‍ ഇവയെ ദുര്‍ബലരായി പ്രഖ്യാപിച്ചിരിക്കുന്നു.

വനം വകുപ്പ് അംഗീകൃത പാമ്പ് സംരക്ഷകന്‍ കൂടി ആയ സന്ദീപ് ചക്കരക്കല്‍ മനുഷ്യ വാസസ്ഥലങ്ങളില്‍ നിന്നും ജീവന് ഭീക്ഷണി ആവുന്ന സാഹചര്യത്തില്‍ വിഷമുള്ളതും ഇല്ലാത്തതും ആയ പാമ്പുകളെ സംരക്ഷിച്ച് വനമേഖലയിലേക്ക് തുറന്ന് വിടുന്നുണ്ട്.