മൂത്തേടത്ത് സ്‌ക്കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്ഥാപിച്ചു.
തളിപ്പറമ്പ്: മൂത്തേടത്ത് സ്‌കൂള്‍ സ്ഥാപകന്‍ ബ്രഹ്‌മശ്രീ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ പ്രതിമ സ്‌ക്കൂള്‍ അങ്കണത്തില്‍ അനാച്ഛാദനം ചെയ്തു.
ആധുനിക വിദ്യാഭ്യാസത്തിന്റെ കുത്തക ബ്രിട്ടീഷുകാരും മിഷണറിമാരും മാത്രം കയ്യാളിയിരുന്ന കാലത്ത് ജാതി-മത ചിന്തകള്‍ക്കതീതമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കവാടം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, 1894 നവംബര്‍ 14 നാണ് ബ്രഹ്‌മശ്രീ. മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂത്തിരിപ്പാട് തളിപ്പറമ്പില്‍ ഈ സരസ്വതീക്ഷേത്രം സ്ഥാപിച്ചത്.
1949 ല്‍ തളിപ്പറമ്പ് എഡ്യൂക്കേഷന്‍ സൊസൈറ്റി സ്‌കൂളിന്റെ ഭരണസാരഥ്യമേറ്റെടുത്തുകൊണ്ട് ഇന്ന് കാണുന്ന നിലയിലേക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി മൂത്തേടത്ത് സ്‌കൂളിനെ വളര്‍ത്തി.
സ്‌കൂള്‍ സ്ഥാപകനോടുള്ള ആദരസൂചകമായി ഒരു പ്രതിമ സ്ഥാപിക്കണമെന്ന് ദീര്‍ഘകാലമായുള്ള ആഗ്രഹം പ്രസിഡന്റ് മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് യാഥാര്‍ഥ്യമാക്കിയത്.
ഉത്തരമലബാറിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ കഴിഞ്ഞ 129 വര്‍ഷങ്ങളായി നിരന്തരം മുഴങ്ങിക്കേള്‍ക്കുന്ന നാമമാണ് മൂത്തേടത്ത് കൂളിന്റേത്.
കാലവും സാമൂഹ്യ സാഹചര്യങ്ങളും എതിരുന്നിന്നപ്പോളും തളിപ്പറമ്പിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ഒന്നേകാല്‍ നൂറ്റാണ്ടിലേറേയായി നിറങ്ങള്‍ പകര്‍ന്ന വിദ്യാലയമാണ് മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍.
മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍, കെല്‍ട്രോണ്‍ സ്ഥാപകന്‍ കെ.പി.പി.നമ്പ്യാര്‍, സ്വാതന്ത്ര്യ സമര സേനാനി കെ.പി.ആര്‍.ഗോപാലന്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ചിലര്‍ മാത്രം.
ഒരുപാട് മഹാരഥന്മാര്‍ പഠിച്ചും പഠിപ്പിച്ചും കടന്നുപോയ ഈ വിദ്യാലയത്തിന്റെ സമാനതകളില്ലാത്ത ചരിത്രം പുതിയ ഒരു വഴിത്തിരിവിലേക്ക് ചുവടുവച്ചിരിക്കുന്നു.
1923 ല്‍ നിര്യാതനായ മൂത്തേടത്ത് മല്ലിശ്ശേരി കുബേരന്‍ നമ്പൂതിരിപ്പാടിന്റെ മഹത്വത്തെയും ഓര്‍മകളെയും മാനിച്ചും ആദരിച്ചും ഒരു പ്രതിമ ഉചിതമായ നിലയില്‍ മൂത്തേടത്ത് സ്‌കൂള്‍ അങ്കണത്തില്‍ ഇന്ന് അനാഛാദനം ചെയ്തു.
തളിപ്പറമ്പ് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ വഴികാട്ടിയും സീനിയര്‍ മെമ്പറുമായ അഡ്വ:പി.വി.ശ്രീധരന്‍ നമ്പ്യാര്‍ അനാഛാദനം നിര്‍വഹിച്ചു.
തളിപ്പറമ്പ് എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് പി.മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
പ്രതിമ രൂപകല്പനചെയ്ത ശില്പി നാരായണന്‍ നരീക്കാംവള്ളി, പ്രതിമയുടെ പീഠവും മറ്റ് അനുബന്ധ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കിയ കെ.രാഗേഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
എഡ്യൂക്കേഷന്‍ സൊസൈറ്റി സീനിയര്‍ മെമ്പര്‍ വി.എം.ബാലകൃഷ്ണന്‍ നമ്പീശന്‍, മൂത്തേടത്ത് കുടുംബാംഗവും റിട്ടയര്‍ഡ് അധ്യാപകനുമായ എം.എം.രാമന്‍ നമ്പൂതിരി, സ്‌കൂള്‍ മുന്‍ മാനേജര്‍ അഡ്വ: ജി ഗിരീഷ്,
പ്രിന്‍സിപ്പല്‍ പി.പ്രവീണ്‍, അണ്‍-എയ്ഡഡ് പ്രിന്‍സിപ്പല്‍ കെ.പി.ദാമോദരന്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കെ.വി.പ്രദീപ്കുമാര്‍, പി.ടി.എ പ്രസിഡന്റ് ടി.വി.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സെക്രട്ടറിയും മൂത്തേടത്ത് സ്‌കൂള്‍ മാനേജരുമായ അഡ്വ: എം.വിനോദ് രാഘവന്‍ സ്വാഗതവും ട്രഷറര്‍ ദിനേശന്‍ ആലിങ്കീല്‍ നന്ദിയും പറഞ്ഞു.