സ്റ്റെപ്പ്‌സ്-പയ്യന്നൂര്‍ എം.എല്‍.എയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി-ഉന്നതവിജയികളെ അനുമോദിക്കും.

പയ്യന്നൂര്‍: ടി.ഐ.മധുസൂദനന്‍ എംഎല്‍എയുടെ മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി സ്റ്റെപ്‌സ് മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് ജേതാക്കളായ വിദ്യാര്‍ഥികളെയും നൂറ് ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിക്കുന്നു.

മണ്ഡലത്തില്‍ 3075 കുട്ടികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

3073 കുട്ടികളും ഉന്നത പഠനത്തിന് അര്‍ഹരായി. 775 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പ്ലസ് ടു പരീക്ഷ എഴുതിയ 3928 കുട്ടികളില്‍ 2635 കുട്ടികള്‍ (85%) വിജയിച്ചു.

388 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. സംസ്ഥാനത്താകെ പൊതു വിദ്യാഭ്യാസരംഗത്ത് ഉണ്ടായ മികവിന് ഒപ്പം നില്‍ക്കുന്ന മുന്നേറ്റമാണ് പയ്യന്നൂര്‍ മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായത്.

അതിനനുസൃതമായി ഭാവനാപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും സാമൂഹ്യ തിന്മകള്‍ക്കും എതിരെ സ്‌കൂള്‍ തല ക്യാമ്പയിന്‍, ഒന്നാം ക്ലാസ് മികവുറ്റതാക്കുന്നതിനുള്ള ഇടപെടല്‍, പ്രീ പ്രൈമറി ഫെസ്റ്റ് തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജൂണ്‍ 9 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് പയ്യന്നൂര്‍ അയോധ്യ ഓഡിറ്റോറിയത്തിലാണ് അനുമോദന പരിപാടി നടക്കുന്നത്.

ഒ.വി.ആല്‍ഫ്രഡ് ഐ എ എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചശേഷം  കുട്ടികളുമായി സംവദിക്കും.

സംഗീതജ്ഞരായ രമേശ് നാരായണന്‍, മകള്‍ മധുവന്തി നാരായണന്‍, സ്വാമി കൃഷ്ണാനന്ദ ഭാരതി എന്നിവരും പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് പി.വി.വത്സല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.രാഘവന്‍, സി പി ഷിജു, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരും ചടങ്ങില്‍ പങ്കെടുക്കും.

പരിപാടിയില്‍ മണ്ഡലത്തിലെ എ പ്ലസ് നേടിയ മുഴുവന്‍ കുട്ടികളും പ്രധാനാധ്യാപകരും,പി.ടി.എ പ്രസിഡന്റുമാരും പങ്കാളികളാവും.

ടി.ഐ.മധുസൂദനന്‍ എംഎല്‍എ, വി.പി.മോഹനന്‍, ശശി വട്ടക്കൊവ്വല്‍, വി.കെ.നിഷ, സി.വി.രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.