അനധികൃത ചെങ്കല്‍പ്പണകള്‍ വ്യാപകമാവുന്നു-കുടിവെള്ളം മുട്ടുമെന്ന ആശങ്കയോടെ നാട്ടുകാര്‍-

തളിപ്പറമ്പ്: ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃത ചെങ്കല്‍ ഖനനം വ്യാപകമാവുന്നു.

പഞ്ചായത്ത് പരിധിയിലെ എളമ്പേരം എറങ്കോപൊയില്‍, തേറണ്ടി, ആലത്തട്ട്, തലവില്‍ ഭാഗങ്ങളിലാണ് അനധികൃത ചെങ്കല്‍ പ്രവര്‍ത്തിക്കുന്നത്.

പഞ്ചായത്തിന്റെയോ, റവന്യൂ- ജിയോളജി വകുപ്പുകളുടെയോ അനുമതികളില്ലാതെ മിച്ചഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പേ പഞ്ചായത്ത് വില്ലേജ് ഉദ്യോഗസ്ഥരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന പല പണകളും രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി നാട്ടുകാര്‍ പറയുന്നു.

ചെങ്ങളായി പഞ്ചായത്തിലെ മാവിലംപാറ, കുളത്തൂര്‍ പ്രദേശങ്ങളിലെ ചെങ്കല്‍ ഖനനത്തിനെതിരെ പടപ്പേങ്ങാട് പ്രദേശത്തെ നാട്ടുക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ച് കലക്ടറെ നേരിട്ടു കണ്ട് നിവേദനം നല്‍കിയിരിക്കയാണ്.

പുതിയ ചെങ്കല്‍ പണകള്‍ തങ്ങളുടെ കുടിവെള്ളം മുട്ടിക്കുമോ എന്ന ആശങ്കയിലാണ് ഈ പ്രദേശത്തെ നാട്ടുക്കാര്‍.

വലിയ ലോറികള്‍ നിരന്തരം പോവുന്നതിനാല്‍ ഉള്‍പ്രദേശങ്ങളിലെ റോഡുകള്‍ മിക്കതും തകര്‍ന്നു കിടക്കുകയാണ്.

ഗവണ്മെന്റിന് ഒരു രൂപ പോലും വരുമാനം കിട്ടാത്ത ചെങ്കല്‍പണകളുടെ പ്രവര്‍ത്തനം മൂലം റോഡുകള്‍ തകരുന്നതിനാല്‍ റോഡ് റിപ്പയറിങ്ങിനു വേണ്ടി മാത്രം പഞ്ചായത്തിനു ഭീമമായ തുക എല്ലാ വര്‍ഷവും ചെലവഴിക്കേണ്ടി വരികയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.