ഗുണ്ടല്‍പേട്ട് ഇനി നാട്ടില്‍തന്നെ–കണ്ണൂരില്‍ സൂര്യകാന്തികൃഷിയുമായി കൃഷിവകുപ്പ്-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ഇനി സുര്യകാന്തികൃഷിയും.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിളയുന്ന സുര്യകാന്തിയെ കണ്ണൂര്‍ ജില്ലയെ കാര്‍ബണ്‍ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് ഇവിടെ കൃഷിചെയ്യാന്‍ തീരുമാനിച്ചത്.

ഒരു വര്‍ഷം മാത്രം ആയുസുള്ള ഏകവര്‍ഷി സസ്യമായ സൂര്യകാന്തി ചുരുങ്ങിയ കാലയളവില്‍തന്നെ വളര്‍ച്ചയും പ്രത്യുല്‍പ്പാദനവും പൂര്‍ത്തിയാക്കുന്നു.

ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റര്‍ ഉയരത്തില്‍ വരെ വളരാറുണ്ട്. 30 സെന്റീമീറ്റര്‍ വരെ വ്യാസത്തില്‍ കാണപ്പെടുന്ന പൂവില്‍ വലിയ വിത്തുകള്‍ കാണാം.

ജന്മദേശം അമേരിക്കയാണ് ഇതിന്റെ ജന്‍മദേശം. ‘ആസ്റ്ററാസീയേ'(Asteraceae) കുടുംബത്തില്‍പെടുന്ന ഈ ചെടി ഭക്ഷ്യഎണ്ണക്ക് വേണ്ടിയാണ് കൃഷിചെയ്യപ്പെടുന്നത്.

എണ്ണയോടൊപ്പം അമേരിക്കയില്‍ നിന്നും 16-ാം നൂറ്റാണ്ടിലാണ് യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകള്‍ കൊണ്ടുവന്നത്.

ഏറെ പ്രചാരം നേടിയ സൂര്യകാന്തി പാചകഎണ്ണ ഇന്ത്യയലും വ്യാപകമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്.

കര്‍ണാടകം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ഏക്കറുകളില്‍ സൂര്യകാന്തി കൃഷി ചെയ്യുന്നുണ്ട്.

ഇതിന്റെ ഇലകള്‍ നാരുകള്‍ കൂടുതലുള്ളതുകൊണ്ട് പേപ്പര്‍ നിര്‍മ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും ഉപയോഗിക്കുന്നുണ്ട്.

കരിമ്പം ഫാമില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ വര്‍ഷം ഒരേക്കര്‍ സ്ഥലത്താണ് കൃഷി ചെയ്തിരിക്കുന്നത്.

കൃഷി വലിയ വിജയമായതിനാല്‍ അടുത്തവര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൃഷി ഓഫീസര്‍ സതീശന്‍ പറഞ്ഞു.

ഇത് കൂടാതെ ഫാമില്‍ നിന്നും ഗ്രോബാഗുകളില്‍ വളര്‍ത്തിയെ സൂര്യകാന്തി ചെടികള്‍ തൈ ഒന്നിന് 80 രൂപ നിരക്കില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്.

വരും വര്‍ഷങ്ങളില്‍ കണ്ണൂര്‍ ജില്ലയില്‍ നൂറുകണക്കിനേക്കര്‍ സ്ഥലത്ത് സൂര്യകാന്തികൃഷി ആരംഭിക്കാന്‍ കൃഷിവകുപ്പ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

അടുത്ത ഓണക്കാലത്ത് ഗുണ്ടല്‍പേട്ട് നാട്ടില്‍തന്നെ ഒരുക്കാനുള്ള ശ്രമത്തിലാണ് കൃഷിവകുപ്പ്.