സൂപ്പര്‍ ഫാര്‍മസിസ്റ്റിനെതിരെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ പടയൊരുക്കം-
സൂപ്പര്‍ ഫാര്‍മസിസ്റ്റിനെതിരെ വാടസ്ആപ്പ് ഗ്രൂപ്പുകളില്‍ പടയൊരുക്കം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ വിവാദം-
പരിയാരം: ജൂനിയറായ ഫാര്‍മസി അസിസ്റ്റന്റിനെ സുപ്രധാനമായ ചുമതലയില്‍ നയമിച്ചതിനെചൊല്ലി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഒരുവിഭാഗം ഫാര്‍മസിസ്റ്റുകള്‍ക്കിടയില്‍ അസ്വാരസ്യം പുകയുന്നു. രാഷ്ട്രീയപരിഗണന നല്‍കിയാണ് നിയമനമെന്ന ആക്ഷേപം ശക്തിപ്പെടുകയാണ്. ഇത് സംബന്ധിച്ച് ഫാര്‍മസിസ്റ്റുകള്‍ക്കിടയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന സന്ദേശം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്കിടയിലും വൈറലാവുകയാണ്. മെസെജിന്റെ പൂര്‍ണരൂപം ചുവടെ–
സൂപ്പര്‍ ഫാര്‍മസിസ്റ്റിന്റെ നിയമന ലക്ഷ്യം എന്ത്?
സഹപ്രവര്‍ത്തകരെ,
—–നമ്മള്‍ ഫാര്‍മസിസ്റ്റുകള്‍ ഇത്രയധികം അപമാനിതരായ സാഹചര്യം ഈ സ്ഥാപനത്തില്‍ ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല. സ്ഥിരമായതും അല്ലാത്തതുമായി 45 ഓളം ഫാര്‍മസിസ്റ്റുമാര്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തില്‍ HDS വഴി വിതരണം ചെയ്യപ്പെടുന്ന എല്ലാ മരുന്നുകളുടേയും നിയന്ത്രണം ഫാര്‍മസിസ്റ്റ്കള്‍ക്കു പുറമെയുള്ള യാതൊരു മുന്‍പരിചയവുമില്ലാത്തവരായിരിക്കണം എന്ന് വാശി പിടിക്കുന്നവരുടെ ചേതോവികാരമെന്തെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
ഫാര്‍മസിസ്റ്റ്മാരെ തീര്‍ത്തും നിര്‍വീര്യമാക്കിക്കൊണ്ട് മരുന്നു വിതരണത്തിന്റെ നിയന്ത്രണം യാതൊരു വിധ അര്‍ഹതയും അടിസ്ഥാന യോഗ്യതയുമില്ലാത്ത ഫാര്‍മസി അസിറ്റന്റിനെ ഏല്‍പ്പിച്ചത് ഉന്നത തലത്തില്‍ തന്നെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതിയാല്‍ അവരെ എങ്ങിനെ കുറ്റം പറയാനാണ്?
മരുന്ന് വിതരണത്തിന് പോലും ഫാര്‍മസിസ്റ്റുകള്‍ ആവശ്യമില്ലെന്ന് നാഴികക്ക് നാല്പത് വട്ടം ഉരുവിടുന്നയാള്‍ എച്ച്.ഡി.എസിനെ നിയന്ത്രിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഫാര്‍മസിസ്റ്റ്മാരുടെ സഹായികളായി നിയമിതരായവര്‍ ഫാര്‍മസിസ്റ്റുമാരുടെ തലയില്‍ കയറി നിരങ്ങുന്ന കാഴ്ച ഈ സ്ഥാപനത്തിന്റെ മാത്രം പ്രത്യേകതയാണ്.
മരുന്ന് വിതരണം ഫാര്‍മസിസ്റ്റിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരിക്കണമെന്ന് ഹൈക്കോടതി പോലും പറഞ്ഞത് ഇവിടെയുള്ളവര്‍ അറിഞ്ഞ മട്ടില്ല.
നേരത്തെ സഹകരണ മേഖലയില്‍ സ്ഥാപനം നിലകൊണ്ടിരുന്ന കാലത്ത് രാഷ്ട്രീയം ഉണ്ടായിരുന്നു എന്നത് സത്യമാണെങ്കിലും മരുന്ന് വിതരണം പോലുള്ള കാര്യങ്ങളില്‍ രാഷ്ടീയം കലര്‍ത്താതെ പൂര്‍ണ്ണമായും ഫാര്‍മസിസ്റ്റിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു നടത്തിയിരുന്നത്.
എന്നാല്‍ ഇന്ന് കുറച്ചു കൂടി സുതാര്യമായി കാര്യങ്ങള്‍ നടക്കുമെന്ന് കരുതിയ സര്‍ക്കാര്‍ സംവിധാനത്തിലാണ് ഇങ്ങനെ ഒരു നെറികേട് നടക്കുന്നത് എന്നതാണ് ഫാര്‍മസിസ്റ്റ് സമൂഹത്തിന് തന്നെ അപമാനകര മാകുന്നത്.
ചാലക്കമ്പോളത്തില്‍പ്പോലും ഒരു തൊഴില്‍ സംസ്‌കാരം നിലനില്‍കുന്നുണ്ടെന്നിരിക്കെ ഇവിടെ എങ്ങിനെയോണ് ഇത്തരം സംസ്‌കാര ശൂന്യമായ നടപടികളുമായി അധികാരികള്‍ മുന്നോട്ട് പോകുന്നത്?
അതും ഫാര്‍മസി പോലുള്ള ആശുപത്രിയുടെ മര്‍മ്മപ്രധാനമായ സ്ഥലത്തു തന്നെ !ഇത്രയും നാള്‍ പരിചയ സമ്പന്നരായ ഫാര്‍മസിറ്റുമാര്‍ മാത്രം കൈകാരം ചെയ്തിരുന്ന ക്വട്ടേഷന്‍, പര്‍ച്ചേസ് തുടങ്ങിയ അത്യധികം സൂക്ഷമതയും, സുതാര്യതയും പുലര്‍ത്തേണ്ടുന്ന ജോലികളില്‍ നിന്നും പൂര്‍ണമായും ഫാര്‍മസിസ്റ്റിനെ മാറ്റിനിര്‍ത്തിക്കെണ്ട് ആജ്ഞാനുവര്‍ത്തിയായ,
ഒരു മുന്‍പരിചയവുമില്ലാത്ത, കേവലം ഒരു ഫാര്‍മസി അസിസ്റ്റന്റായ ഒരാളെ നിയമിക്കുക വഴി എന്തുതരം സന്ദേശമാണ് മേലധികാരികള്‍ ഇവിടുത്തെ ജീവനക്കാര്‍ക്കും ഈ ആശുപത്രിയെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍ക്കും നല്‍കുന്നതെന്ന് എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
പൊതു ജനങ്ങളെയും , ആശുപത്രിയെ ആശ്രയിക്കുന്ന രോഗികളെയും ഫാര്‍മസിസ്റ്റുമാരെ പൂര്‍ണ്ണമായും
യഥാര്‍ത്ഥത്തില്‍ അധികാരികള്‍ വെല്ലുവിളിക്കുക തന്നെയല്ലെ ചെയ്യുന്നത്?
കോടികളുടെ പര്‍ചേസും വിറ്റു വരവുമാണോ ഇത്തരം വഴിവിട്ട നിയമനത്തിന് പ്രചോദനമായതെന്ന് ഞങ്ങള്‍ തീര്‍ച്ചയായും സംശയിക്കുന്നു. ഒരു ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ ഫാര്‍മസിസ്റ്റ് സമൂഹത്തിനെയാകെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ ഫാര്‍മസിസ്റ്റുമാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നമുക് നമ്മുടെ സമൂഹത്തോട് ഉത്തരം പറയേണ്ടിവരും.
