വല്ലത്തില്‍ വീണ് കുടുങ്ങിക്കിടന്ന പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വല്ലത്തില്‍ വീണ് അവശനിലയിലായ പശുവിന് രക്ഷകരായി തളിപ്പറമ്പ് അഗ്നിരക്ഷാസേന.

കൊട്ടില അടിപ്പാലത്തെ ടി.പി.ദാമോദരന്‍ കൂവേലി ആറാം വയലില്‍ നടത്തുന്ന ഡയറിഫാമിലെ പശുവാണ് അപകടത്തില്‍പെട്ടത്.

തൊട്ടടുത്ത് നിന്ന പശുവിന്റെ കുത്തേറ്റാണ് വല്ലത്തില്‍ വീണതെന്ന് കരുതുന്നു.

വല്ലത്തിനകത്ത് ഇറുങ്ങിയ നിലയിലായ പശുവിനെ പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ഫാം ഉടമ പുലര്‍ച്ചെ നാലരയോടെ അഗ്നിശമനസേനയെ വിളിച്ചത്.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസംഘം ഒന്നരമണിക്കൂറോളം കഠിനപരിശ്രമം നടത്തിയെങ്കിലും പശുവിനെ പുറത്തെടുക്കാനായില്ല. ഒടുവില്‍ വല്ലം മുറിച്ചാണ് ഇതിനെ രക്ഷപ്പെടുത്തിയത്.

കാലുകള്‍ക്ക് പരിക്കേറ്റ പശു ചികില്‍സയിലാണ്.

സേനാംഗങ്ങളായ കെ.വി.രാജീവന്‍, പി.വി.ഗിരീഷ്, കെ.വി.അനൂപ്, കെ.സജീന്ദ്രന്‍, സി.വി.രവീന്ദ്രന്‍ എന്നിവരും രക്ഷാസംഘത്തില്‍ ഉണ്ടായിരുന്നു.