അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ പ്രസിഡന്റാവും-തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ ധാരണയായി.

 

തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി അഡ്വ.ടി.ആര്‍.മോഹന്‍ദാസ് തന്നെ തുടരാന്‍ ധാരണയായി.

ഇന്നലെ നടന്ന തളിപ്പറമ്പ് മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം.

തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് കൂടിയായ മോഹന്‍ദാസ് പ്രസിഡന്റായിട്ട് ഒരു വര്‍ഷവും രണ്ടു മാസവും മാത്രമേ ആയിട്ടുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന് ഒരു ടേം കൂടി നല്‍കണമെന്ന നിര്‍ദ്ദേശം എല്ലാവരും അംഗീകരിക്കുകയായിരുന്നു.

അതേ സമയം മുന്‍ മണ്ഡലം പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ സി.സി.ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഡയരക്ടര്‍മാരാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

ഐ.എന്‍.ടി.യു.സി നേതാവ് വി.വി.വേണുഗോപാലന്‍, അഡ്വ.രാമചന്ദ്രന്‍, പട്ടികവര്‍ഗ പ്രതിനിധിയായി കുഞ്ഞിരാമന്‍, കുഞ്ഞമ്മ തോമസ് എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം.

ഒരു ടേം പൂര്‍ത്തിയാക്കിയ ഡയരക്ടര്‍മാരെ മുഴുവന്‍ മാറ്റണമെന്ന ആവശ്യം കര്‍ശനമാക്കിയാല്‍ കുഞ്ഞമ്മ തോമസിന് പകരം വേറെ വനിതാ പ്രതിനിധിയെ കണ്ടെത്തേണ്ടി വരും.

പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെപോലെ കോണ്‍ഗ്ഗസിന് ആറും ലീഗിന് അഞ്ചും സ്ഥാനങ്ങള്‍ ലഭിക്കും. ലീഗിന്റെ ഡയരക്ടര്‍മാരെ നാളെ ചേരുന്ന ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി യോഗം തീരുമാനിക്കും.