രാത്രിയില്‍ ബാങ്കിന്റെ മതില്‍പൊളിക്കാനുള്ള ശ്രമംനാട്ടുകാര്‍ തടഞ്ഞു, തൊഴിലാളികളെ തിരിച്ചയച്ചു.

തളിപ്പറമ്പ്: രാത്രിയില്‍ ബാങ്കിന്റെ മതില്‍ പൊളിക്കാന്‍ തൊഴിലാളികളെത്തി, ഡയരക്ടര്‍മാരും നാട്ടുകാരും തടഞ്ഞ് തിരിച്ചയച്ചു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രധാനശാഖ പ്രവര്‍ത്തിക്കുന്ന മെയിന്‍ റോഡിലെ കെട്ടിടത്തിന്റെ പിറകിലെ മതില്‍ പൊളിക്കാനാണ് തൊഴിലാളികളെത്തിയത്.

ഇതുവഴി പുറത്തേക്ക് വഴിയുണ്ടാക്കാനാണെന്ന സംശയത്തിലാണ് നാട്ടുകാര്‍ ഇവരെ തടഞ്ഞത്.

സായാഹ്നശാഖയിലേക്ക് കയറുന്ന ഭാഗത്തെ മതിലാണ് പൊളിക്കാന്‍ ശ്രമം നടന്നത്.

വിവരമറിഞ്ഞ് ഡയരക്ടര്‍ അഡ്വ.ടി.ആര്‍.മോഹന്‍ദാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.

നേരത്തെ ഈ മതിലിന്റെ മുകളിലെ മുന്ന് കല്ലുകള്‍ നീക്കംചെയ്ത് അവിടെ ഗ്രില്‍സ് സ്ഥാപിക്കാന്‍ ബാങ്ക് ഭരണസമിതിയോഗം തീരുമാനിച്ചിരുന്നതായി പ്രസിഡന്റ്-ഇന്‍-ചാര്‍ജ് എ.പി.അബ്ദുള്‍ഖാദര്‍ പറഞ്ഞു.

ഇവിടെ വ്യാപാരം നടത്തുന്നവര്‍ക്ക് വെളിച്ചം ലഭിക്കുന്നതിനാണ് ഗ്രില്‍സ് സ്ഥാപിക്കുന്നതെന്നും ഇതുവഴി പുറത്തേക്ക് വഴി നല്‍കാന്‍ തീരുമാനമില്ലെന്നും അബ്ദുള്‍ഖാദര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പകല്‍സമയങ്ങളില്‍ മാത്രം ചെയ്യാന്‍ നിര്‍ദ്ദേശിച്ചാണ് നാട്ടുകാര്‍ തൊഴിലാളികളെ പറഞ്ഞുവിട്ടത്.