രോഗികള്‍ക്ക് ക്യൂ തെറാപ്പി-നാസി തടവറപോലെ ദുതിതം പെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഒ.പി ബ്ലോക്ക്.

തളിപ്പറമ്പ്: ആശുപത്രി നവീകരിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് സുഖവും, രോഗികള്‍ക്ക് ദുരിതവും.

തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലാണ് ഈ ദുരവസ്ഥ.

അശാസ്ത്രീയമായ ക്യൂവില്‍ മണിക്കൂറുകള്‍ കാത്തുനിന്ന് തളരുകയാണ് വൃദ്ധരും കുട്ടികളുമുള്‍പ്പെടെയുള്ള രോഗികള്‍.

പുതിയ നവീകരിച്ച ഒ.പി കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോള്‍ രോഗികളുടെ ദുരവസ്ഥക്ക് ഒരു പരിഹാരമാവുമെന്ന് കരുതിയിരുന്നുവെങ്കിലും എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരിക്കയാണ്.

നൂറുകണക്കിനാളുകളാണ് ഒ.പിയില്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കുന്നത്. ഡോക്ടറെ കാണിക്കാനും പിന്നീട് മരുന്നുവാങ്ങാനും അതുപോലെ ക്യൂനില്‍ക്കേണ്ടി വരുന്നുണ്ട്.

ഏറ്റവും വലിയ ദുരിതം ഫാര്‍മസിക്ക് മുന്നിലാണ്. ആകെയുള്ള മൂന്ന് കൗണ്ടറില്‍ ഫാര്‍മസിസ്റ്റുകള്‍ നാലുപേര്‍ മാത്രമാണ്. രണ്ട് ഫാര്‍മസിസ്റ്റുകളുടെ ഒഴിവുണ്ടെങ്കിലും അത് നികത്താനുള്ള നടപടിയില്ല.

വയോധികര്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും പ്രത്യേക ക്യൂ വേണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും സാധാരണ ക്യൂവില്‍ രണ്ടുമണിക്കൂറിലേറെ നിന്നാല്‍ മാത്രമേ ഇപ്പോള്‍ മരുന്ന് ലഭിക്കുന്നുള്ളൂ.

ഒ.പി വിഭാഗത്തില്‍ ക്യൂവിന്റെ തിരക്കുകാരണം രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നടക്കാന്‍പോലും സാധിക്കുന്നില്ല.

ആവശ്യത്തിന് ഇരിപ്പിടംപോലുമില്ലാതെയാണ് രോഗികളും കൂട്ടരിപ്പുകാരും ബുദ്ധിമുട്ടുന്നത്.

എ.എ.വൈ വിഭാഗത്തില്‍ പെട്ട രോഗികളോട് പോലും ഒ.പി.ടിക്കറ്റിന് 5 രൂപ ഫീസ് വാങ്ങി ആശുപത്രി വികസനസമിതിയിലേക്ക് രാഷ്ട്രീയക്കാരുടെ പിന്‍ബലത്തോടെ തിരുകികയറ്റുന്നവര്‍ക്ക് ശമ്പളം നല്‍കാന്‍ ഫണ്ട് സ്വരൂപിക്കുന്ന ഇവിടെ അത്യാവശ്യത്തിന് വേണ്ട ഫാര്‍മസിസ്റ്റിനെ നിയമിക്കാന്‍ വികസനസമിതിക്ക് സാധിക്കുന്നില്ല.

ആശുപത്രിയുടെ ഭരണച്ചുമതലയുള്ള തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ ഇങ്ങോട്ടേക്ക് തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറഞ്ഞാല്‍ പോലും ബന്ധപ്പെട്ട സ്ഥിരം സമിതി ചെയര്‍പേഴ്‌സനോ നഗരസഭാ കൗണ്‍സിലറോ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

ജീവനക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭിക്കുന്ന നവീകരിച്ച ഒ.പി ബ്ലോക്കില്‍ രോഗികളനുഭവിക്കുന്ന ദുരിതത്തിന് അടിയന്തിര പരിഹാരം കാണണമെന്ന് ജനകീയ പ്രതിരോധവേദി കണ്‍വീനര്‍ ഡി.ബെഞ്ചമിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം ആരോഗ്യമന്ത്രിക്ക് സന്ദേശമയച്ചു.