തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയുടെ ഏകകണ്ഠമായ നിര്‍ദ്ദേശം ലംഘിച്ച് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പ്രതികാരമതിലിന്റെ പ്ലാസ്റ്ററിങ്ങ് തുടങ്ങി.
വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ നിര്‍മ്മിച്ച മതിലിന്റെ ഒരു വരി കല്ല് എടുത്തു മാറ്റി വീട്ടിലേക്ക് കാറ്റും വെളിച്ചവും കടന്നു വരാന്‍ സൗകര്യം ചെയ്യണമെന്ന് ഫെബ്രുവരി 5-ന് നടന്ന വികസന സമിതി യോഗം നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇത് പാടെ ലംഘിച്ചാണ് ബ്ലോക്കിന്റെ ഭാഗത്തുള്ള മതില്‍ പ്ലാസ്റ്ററിംഗ് നടത്താന്‍ തുടങ്ങിയിരിക്കുന്നത്.
അപകടകരമായ 40 വര്‍ഷം പഴക്കമുള്ള മതില്‍ പൊളിച്ചുപണിയാന്‍ താലൂക്ക് വികസന സമിതിക്ക് പരാതി നല്‍കിയതിന്റെ പ്രതികാരമായിട്ടാണ് അമിത ഉയരത്തില്‍ മതില്‍ നിര്‍മ്മിച്ചത്.
ഇതിന്റെ ഒരു കല്ല് ഉയരം എടുത്തു മാറ്റാനായിരുന്നു വികസനസമിതി നിര്‍ദ്ദേശം.
വികസനസമിതി ചുമതലപ്പെടുത്തിയ തഹസില്‍ദാറും തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും സ്ഥലം സന്ദര്‍ശിച്ച് പ്രശ്‌നത്തിന്റെ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു വികസനസമിതി നിര്‍ദ്ദേശം.
സിപി.എം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിന് വന്നപ്പോഴും ഈ അനീതി ശ്രദ്ധയില്‍ പെടുത്തുകയും അവര്‍ക്ക് കാര്യം ബോധ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ ബ്ലോക്ക് അധികൃതര്‍ വികസനസമിതിയുടെ തീരുമാനവും ലംഘിക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്റെ നിലപാടിനെതിരെ വീട്ടുടമ 91 കാരനായ കെ.പി.നാരായണന്‍ സ്ഥലം എം.എല്‍.എ.യും സി.പി.എം.സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍,
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എം.ബി.രാജേഷ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടയിലാണ് തകൃതിയായി മതില്‍ പ്ലാസ്റ്ററിംഗ് നടത്തുന്നത്.