തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ രണ്ട് കിണറുകളിലും മാലിന്യം നിറഞ്ഞു.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ രണ്ട് കിണറുകളും മാലിന്യകൂമ്പാരത്തില്‍.
ഒരു കിണറിലെ വെള്ളം മുഴുവന്‍ മാലിന്യത്തില്‍ മുങ്ങിനില്‍ക്കുകയാണെങ്കില്‍ മറ്റൊരു കിണര്‍ കാടുമൂടിയ നിലയിലാണ്.
ഇത് ഉപയോഗിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നതെങ്കിലും രണ്ട് കിണറുകളിലും മോട്ടോറും പൈപ്പുകളുമുണ്ട്.
മാടപ്രാവുകളുടെ കാഷ്ഠം നിറഞ്ഞുനില്‍ക്കുന്ന കിണറില്‍ നിന്നും ദുര്‍ഗന്ധവും പുറത്തുവരുന്നുണ്ട്.
വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കിണറുകള്‍ ശുചീകരിക്കാന്‍ സാധാരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ആരോഗ്യവകുപ്പാണ് ഇത്തരത്തില്‍ കൊടും അനാസ്ഥ കാണിക്കുന്നത്.
അടുത്തിടെ തളിപ്പറമ്പ് നഗരത്തില്‍ മഞ്ഞപ്പിത്ത ബാധയുണ്ടായപ്പോള്‍ ആരോഗ്യവിഭാഗം കിണറുകള്‍ വ്യാപകമായി പരിശോധിച്ചിരുന്നുവെങ്കിലും നൂറുകണക്കിന് രോഗികളെ കിടത്തിചികില്‍സിക്കുന്ന ആശുപത്രിയിലെ കിണറുകള്‍ ഒരു വിധത്തിലും പരിശോധിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഈ ദയനീയമായ അവസ്ഥ.
ആശുപത്രിയുടെ പിറകുഭാഗം കാല്‍നടപോലും സാധിക്കാത്തവിധത്തില്‍ കാടുകയറിക്കിടക്കുന്നതിനാല്‍ കിണറുകള്‍ ആരും തന്നെ ശ്രദ്ധിക്കാത്ത നിലയിലാണ്.
കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഈ കിണറുകള്‍ ശുചീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
62 വര്‍ഷത്തെ പഴക്കമുള്ള തളിപ്പറമ്പ് താലൂക്ക് ആശുപത്രി നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ യാതൊരുവിധ ശ്രദ്ധയും കാണിക്കുന്നില്ലെന്ന വിമര്‍ശനത്തിന് അടിവരയിടുന്നതാണ് ഈ മാലിന്യക്കിണര്‍.
ഉപയോഗിക്കുന്നില്ലെങ്കില്‍ കിണറുകള്‍ മൂടി ആ സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.