ക്ഷേത്രം കത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി-ബി.ജെ.പി നോതാക്കള്‍ ക്ഷേത്രം സന്ദര്‍ശിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ക്ഷേത്രം കത്തിനശിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

ഇന്നലെ രാത്രി തീപിടുത്തം അറിഞ്ഞ ഉടന്‍തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു.

തളിപ്പറമ്പിലെ പുരാണപ്രസിദ്ധമായ കീഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രമാണ് പൂര്‍ണായി കത്തിനശിച്ചത്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

പൂരാഘോഷ പരിപാടികള്‍ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് തീ പടര്‍ന്നത്.

ഇന്നലെ പൂരോല്‍സവത്തിന്റെ ഭാഗമായി രാത്രി 11.30 വരെ ക്ഷേത്രത്തില്‍ ആളുകളുണ്ടായിരുന്നു.

കത്തിച്ചുവെച്ച ചുറ്റുവിളക്കില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എണ്ണയുടെ അവശിഷ്ടമുണ്ടായിരുന്നതിനാല്‍ തീ പെട്ടെന്ന് പടര്‍ന്നുപിടിച്ചു. ക്ഷേത്രം പൂര്‍ണമായും കത്തിനശിച്ചു.

ഈ മാസം 28 ന് ഇവിടെ കളിയാട്ട മഹോല്‍സവം നിശ്ചയിച്ചതായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ക്ഷേത്രകമ്മറ്റി പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍ പറഞ്ഞു.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, ഗ്രേഡ് അസി.സ്്‌റ്റേഷന്‍ ഓഫീസര്‍ സി.വി.ബാലചന്ദ്രന്‍, ഫയര്‍ ആന്റ് റെസക്യൂ ഓഫീസര്‍മാരായ പി.വി.ദയാല്‍,

സി. അഭിനേഷ്, അനുരൂപ്, ഷിജില്‍കുമാര്‍, വിജയ്, നന്ദഗോപാല്‍, ധനീഷ്‌കുമാര്‍, ഹോംഗാര്‍ഡുമാരായ ധനഞ്ജയന്‍, സജീന്ദ്രന്‍, സുഗതന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു.

കത്തി നശിച്ച കിഴാറ്റൂര്‍ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം ബിജെപി ജില്ല കമ്മിറ്റി അംഗം എ.പി.നാരായണന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി എന്നിവര്‍ സന്ദര്‍ശിച്ചു.