താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്ന് ഡി.ഐ.ജി
കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നില്‍ നടന്ന അക്രമത്തിന് പിന്നില്‍ ചില തല്‍പരകക്ഷികളാണെന്നും, ആസൂത്രിത ആക്രമണമാണ് നടത്തിയതെന്നും ഡിഐജി യതീഷ് ചന്ദ്ര.

സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് അക്രമം നടത്തിയത്. രാവിലെ മുതല്‍ വൈകിട്ട് വരെ സമാധാനപരമായിരുന്നു കാര്യങ്ങള്‍. വൈകിട്ടാണ് ആസൂത്രിത അക്രമം ഉണ്ടായത്.
പോലീസിന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിട്ടില്ല. അക്രമത്തിനു പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും യതീഷ് ചന്ദ്ര പറഞ്ഞു. ഫ്രഷ് കട്ടിലെ ജീവനക്കാര്‍ അകത്തുള്ളപ്പോഴാണ് ഫാക്ടറിക്ക് തീയിട്ടത്. തീ അണക്കാന്‍ പോയ ഫയര്‍ഫോഴ്‌സ് എന്‍ജിനുകളെ പോലും തടഞ്ഞുവച്ചു.
മനുഷ്യത്വരഹിതമായ നടപടിയാണ് ഉണ്ടായത്. പോലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. സംഘര്‍ഷം ശക്തമായതോടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. സംഘര്‍ഷത്തില്‍ എസ്പി, താമരശ്ശേരി എസ്എച്ച് ഉള്‍പ്പെടെ 16 ഓളം പോലീസുകാര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റിയെന്ന് യതീഷ് ചന്ദ്ര പറഞ്ഞു.
സംഘര്‍ഷത്തില്‍ കര്‍ശനമായ നടപടി പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.
പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോടിലെ ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.
