പാപ്പനംകോട് ലക്ഷ്മണന്‍ നിര്‍മ്മിച്ച തീനാളങ്ങള്‍ 44 വര്‍ഷം തികയ്ക്കുന്നു.

         എഴുപത് സിനിമകള്‍ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതുകയും 24 സിനിമകള്‍ക്ക് വേണ്ടി 91 ഗാനങ്ങള്‍ എഴുതുകയും ചെയ്ത വ്യക്തിയാണ് പാപ്പനംകോട് ലക്ഷ്മണന്‍.

കലാനിലയത്തിന്റെ നിരവധി നാടകങ്ങള്‍ക്കും പാപ്പനംകോട് രചന നിര്‍വ്വഹിച്ചിട്ടുണ്ട്.

കലാനിലയത്തിന്റെ സിനിമയായ ഇന്ദുലേഖക്ക് വേണ്ടി പാപ്പനംകോട് എഴുതിയ സല്‍ക്കലാദേവിതന്‍ ചിത്രഗോപുരങ്ങളേ—എന്ന ഗാനം പിന്നീട് കലാനിലയം നാടകങ്ങളുടെ അവതരണഗാനമായി മാറിയിരുന്നു.

പാപ്പനംകോട് രചനയും ഗാനരചനയും നിര്‍മ്മാണവും നിര്‍വ്വഹിച്ച സിനിമയാണ് തീനാളങ്ങള്‍.

1980 ഏപ്രില്‍ 26 ന് 44 വര്‍ഷം മുമ്പാണ് സിനിമ റിലീസ് ചെയ്തത്.

ശശികുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ജയന്‍, രവികുമാര്‍, ഷീല, സീമ, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, സി.ഐ.പോള്‍, കെ.പി.എ.സി.സണ്ണി, കൊല്ലം ജി.കെ.പിള്ള, ചേര്‍ത്തല തങ്കം, മാസ്റ്റര്‍ രഘു, വഞ്ചിയൂര്‍ രാധ, പ്രതിമ എന്നിവരാണ് പ്രധാന വേഷത്തില്‍.

പാര്‍വ്വതി ആര്‍ട്‌സ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ സൂരീ ഫിലിംസാണ് വിതരണം ചെയ്തത്.

ക്യാമറ-സി.രാമചന്ദ്രമേനോന്‍, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍, കല, പരസ്യം-ആര്‍.കെ.

എം.കെ.അര്‍ജുനനാണ് പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്നത്.

വളരെ വ്യത്യസ്തമായ ഒരു പ്രതികാരകഥ അതീവ ഭംഗിയായി തന്നെ ശശികുമാര്‍ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.

വലിയ സാമ്പത്തിക വിജയം നേടിയ സിനിമയായിരുന്നു ഇത്.

മലയാളത്തിലെ പ്രമുഖരായ സംവിധായകുടെ നിരവധി സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച പാപ്പനംകോട് പക്ഷെ, അവസാനകാലത്ത് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിരുന്നു.

സിനിമകള്‍ കുറയുകയും ചെയ്തു. ചെന്നൈയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്.

ചെന്നൈയിന്‍ അദ്ദേഹം പണികഴിപ്പിച്ച രാജാങ്കണം എന്ന് പേരിട്ട പടുകൂറ്റന്‍ വീട് പോലും ഈ കാലയളവില്‍ നഷ്ടപ്പെട്ടിരുന്നു.

ഒരിക്കലും ഒരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് മനസിലാക്കിയതോടെയാണ് 61-ാം വയസില്‍ പാപ്പനംകോട് ലക്ഷ്മണന്‍ ആത്മഹത്യയില്‍ അഭയം തേടിയത്.