പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴസന്‍.
കണ്ണൂര്‍:മോഷണ കേസില്‍ പ്രതിയായി പോലിസ് അറസ്റ്റുചെയ്ത നഗരസഭാ കൗണ്‍സിലറെ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.സുജാത അറിയിച്ചു.
കൗണ്‍സിലിന്റെ വിശ്വാസ്യത തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടി. ഇനിയുള്ള കൗണ്‍സില്‍ യോഗങ്ങളിലോ നഗരസഭയുടെ മറ്റു പരിപാടികളിലോ നാലാം വാര്‍ഡ് കൗണ്‍സി ലറായ മൂര്യാട്ടെ പി.പി രാജേഷിനെ പങ്കെടുപ്പിക്കില്ല.
ഇയാളുടെ രാജിയെഴുതി വാങ്ങാനും സി.പി.എം ഭരിക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
സി.പി.എം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ പി.പി.രാജേഷിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും അറിയിച്ചിരുന്നു.
കൂത്തുപറമ്പ് സഹകരണാശുപത്രിയില്‍ സെക്യുരിറ്റി ജീവനക്കാരനായ രാജേഷിനെതിരെ അച്ചടക്കലംഘനത്തിന് സഹകരണ വകുപ്പ് നിയമപ്രകാരമുള്ള നടപടിയും സ്വീകരിക്കും.
കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12.30 നാണ് കൂത്തുപറമ്പ് നഗരസഭാ പരിധിയിലുള്ള കണിയാര്‍ കുന്നിലെ വീട്ടിലെത്തി കണിയാര്‍ കുന്നേ മ്മല്‍ പി.ജാനകിയുടെ (77) ഒരു പവന്‍ വരുന്ന സ്വര്‍ണ മാല രാജേഷ് കവര്‍ന്നത്.
ജൂപ്പിറ്റര്‍ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തി വീട്ടുമുറ്റത്ത് എത്തിയ ഇയാള്‍ പിന്‍വശത്ത് അടുക്കളയുടെ മുറ്റത്ത് നിന്നും മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ കഴുത്ത് പിടിച്ചു സ്വര്‍ണ മാല കവര്‍ന്ന് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.
നീല ജുപ്പിറ്റര്‍ സ്‌കൂട്ടറില്‍ നമ്പര്‍ പ്‌ളേറ്റ് മറച്ചുവെച്ചാണ് മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ചു രാജേഷ് മോഷണത്തിനെത്തിയത്.
മറ്റൊരാളില്‍ നിന്നും താല്‍ക്കാലികമായി ഓടിക്കാന്‍ വാങ്ങിയതായിരുന്നു സ്‌കൂട്ടര്‍ ‘സി.സി.ടി.വി കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രതി കുടുങ്ങിയത്.
