നിര്‍മ്മാണം നടന്നുവരുന്ന ഹോട്ടലില്‍ മോഷണം 15 ലക്ഷത്തിന്റെ സാധനങ്ങള്‍ കവര്‍ന്നു.

 

തളിപ്പറമ്പ്: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നും ഫിറ്റ് ചെയ്ത എയര്‍കണ്ടീഷണറുകള്‍ തകര്‍ത്ത് ചെമ്പുകമ്പികളും വയറിംഗ് സാധനങ്ങളും ഉള്‍പ്പെടെ 15 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലുടമ വി.രവീന്ദ്രന്റെ ഉടമസ്ഥതയില്‍ ആന്തൂര്‍ ധര്‍മ്മശാലയില്‍ നിര്‍മ്മാണം നടന്നുവരുന്ന ഹോട്ടലിനകത്തെ സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്.

പിന്‍വശത്തെ തുറന്നുകിടക്കുന്ന ജനല്‍ വഴിയാണ് മോഷ്ടാക്കള്‍ അകത്തേക്ക് കയറിയതെന്ന് സംശയിക്കുന്നു.

സപ്തംബര്‍ 10 നും 24 നും ഇടയിലുള്ള ഏതോ ദിവസമാണ് കവര്‍ച്ച നടത്തിയതെന്ന് സംശയിക്കുന്നതെന്ന് സൂപ്പര്‍വൈസര്‍ ചുഴലി നമ്പ്രത്ത് വീട്ടില്‍ എന്‍.ഷാജു തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

9 അഞ്ചുടണ്‍ എ.സികളും 2-5 ടണ്ണിന്റെ 7 എണ്ണവും 1.5 ന്റെ 4 എ.സികളുമാണ് മോഷ്ടാക്കള്‍ തകര്‍ത്തത്.

എസിക്കകള്‍ മുഴവന്‍ അടിച്ചു തകര്‍ത്ത് അകത്തെ സാധനങ്ങള്‍ മുഴവന്‍ കവര്‍ന്നിട്ടുണ്ട്.

ഇത് കൂടാതെ മുഴുവന്‍ വയറിംഗുകളും നശിപ്പിച്ച് ചെമ്പുകമ്പികള്‍ മോഷ്ടിച്ചിട്ടുണ്ട്.

മോഷണത്തിന് പിറകില്‍ ആക്രിസാധനങ്ങള്‍ വില്‍പ്പന നടത്തുന്നവരാണെന്നാണ് പോലീസിന്റെ നിഗമനം.

ഏതാനും നാള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്ന ഹോട്ടലിലേക്ക് ഇന്നലെയാണ് സൂപ്പര്‍വൈസര്‍ ഷാജു എത്തിയപ്പോള്‍ മോഷണ വിവരം അറിഞ്ഞത്.

തളിപ്പറമ്പ് പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ഭാഗത്തെ സി.സി.ടി.വി കാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.