പട്ടാപ്പകല്‍ മോഷണം-സ്വര്‍ണവും പണവും കവര്‍ന്നു.

പരിയാരം: ഏഴിലോട് വീട്ടില്‍ പട്ടാപ്പകല്‍ മോഷണം, അഞ്ചരപവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും നഷ്ടപ്പെട്ടതായി പരാതി.

ഏഴിലോട് എ.വി.അശോക് കുമാറിന്റെ എ.വി.ഹൗസിലാണ് ഇന്നലെ പകല്‍ മോഷണം നടന്നത്.

ഏഴിലോട് കച്ചവടക്കാരനായ അശോക് കുമാര്‍ ഇന്നലെ പത്തോടെ വീടുപൂട്ടി പുറത്തേക്ക് പോയതായിരുന്നു.

വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് പിറകിലെ വാതില്‍ തുറന്നിട്ടതായി കണ്ടത്.

അന്വേഷണത്തില്‍ മോഷണം നടന്നതായി വ്യക്തമായി.

നേരത്തെ വീട്ടില്‍ കയറിക്കൂടിയ മോഷ്ടാവ് അശോക് കുമാര്‍ വീടുപൂട്ടി പോയപ്പോള്‍ മോഷണം നടത്തി പിറകിലെ വാതില്‍ തുറന്ന് രക്ഷപ്പെട്ടതായാണ് നിഗമനം.

ഭാര്യ എറണാകുളത്തെ ബന്ധുവീട്ടില്‍ പോയതിനാല്‍ രാവിലെ വാതില്‍ ചാരി അശോക് കുമാര്‍ തുണികഴുകാന്‍ പോയിരുന്നു.

ഈ സമയം അകത്ത്കയറി ഒളിച്ചിരുന്നാണ് മോഷണം നടത്തിയതെന്ന് കരുതുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.